സമാധാനത്തിന്റെ പ്രതീകമാകൂ: ട്രംപിനോടു മാർപാപ്പ; സന്ദേശം മറക്കില്ലെന്ന് ട്രംപ്

പീറ്റേഴ്സ് ബസിലിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും മൈക്കലാഞ്ജലോയുടെ പ്രസിദ്ധ ശില്‍പം ‘പിയെത്താ’ കാണുന്നു. ചിത്രം: എപി

വത്തിക്കാൻ സിറ്റി∙ സമാധാനത്തിന്റെ ഒലിവ് മരമാകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടു ഫ്രാൻസിസ് മാർപാപ്പ. ഇരുവരും തമ്മിൽ ആദ്യമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഒലിവ് മരത്തിന്റെ ശിൽപം ട്രംപിനു സമ്മാനിച്ചുകൊണ്ടു പാപ്പയുടെ അഭ്യർ‌ഥന. മാർപാപ്പ നൽകിയ സന്ദേശം മറക്കില്ലെന്നു ട്രംപ് വാഗ്ദാനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കെടുതികളിൽ നിന്നു പരിസ്ഥിതിയെ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന 2015ലെ ചാക്രികലേഖനം, ‘അഹിംസ – സമാധാനത്തിനുള്ള രാഷ്ട്രീയശൈലി’ എന്ന പേരിൽ 2017ൽ നൽകിയ സന്ദേശം എന്നിവയുടെ പകർപ്പും മാർപാപ്പ അദ്ദേഹത്തിനു നൽകി. ഇതു താൻ വായിക്കുമെന്നു മറുപടി നൽകിയ ട്രംപ്, യുഎസ് പൗരാവകാശപ്രവർത്തകൻ മാർട്ടിൻ ലൂതർ കിങ്ങിന്റെ പുസ്തകസമാഹാരത്തിന്റെ ആദ്യ പതിപ്പു മാർപാപ്പയ്ക്കും നൽകി.

മാർപാപ്പയുടെ ഔദ്യോഗിക വസതിയായ അപ്പസ്തോലിക കൊട്ടാരത്തിലെ ലൈബ്രറിയിൽ ആയിരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക വസതിയാണെങ്കിലും ലളിതജീവിതം നയിക്കുന്ന മാർപാപ്പ ഇവിടെയല്ല താമസം. ഇരുവരും തമ്മിൽ 30 മിനിറ്റ് ചർച്ച നടന്നു.

സ്ത്രീകൾ കറുത്ത വസ്ത്രം അണിയണമെന്ന പരമ്പരാഗതരീതി ഇപ്പോഴില്ലെങ്കിലും ട്രംപിനൊപ്പമുണ്ടായിരുന്ന ഭാര്യ മെലനിയയും മകൾ ഇവാൻകയും കറുത്ത വേഷമാണ് അണിഞ്ഞിരുന്നത്.

ചർച്ചയ്ക്കു ശേഷം പതിവുപോലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രസംഗത്തിനായി മാർപാപ്പ പുറപ്പെട്ടപ്പോൾ സിസ്റ്റീൻ ചാപ്പലും സെന്റ് പീറ്റേഴ്സ് ബസിലിക്കയും സന്ദർശിക്കാൻ ട്രംപും കുടുംബവും പോയി. ഗംഭീരമായ കൂടിക്കാഴ്ചയെന്നു ട്രംപും ഊഷ്മളമെന്നു വത്തിക്കാനും വിശേഷിപ്പിച്ചു.

ട്രംപിനു തിന്നാൻ എന്താണു കൊടുക്കുന്നത്?

വത്തിക്കാൻ സിറ്റി∙ ‘ഇദ്ദേഹത്തിനു ഭക്ഷിക്കാൻ എന്താണു കൊടുക്കുന്നത്?’ ചർച്ചയ്ക്കു ശേഷം കുശലപ്രശ്നം നടക്കുന്നതിനിടയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലനിയയോടു തമാശമട്ടിൽ മാർപാപ്പ ചോദിച്ചു. സ്പാനിഷ് ഭാഷയിൽ പാപ്പ പറഞ്ഞത് അദ്ദേഹത്തിന്റെ പരിഭാഷകൻ ആണു മെലനിയയ്ക്കു പറഞ്ഞുകൊടുത്തത്.

ഗർഭച്ഛിദ്രമൊഴികെ ഒരു വിഷയത്തിലും മാർപാപ്പയോടു യോജിക്കാത്ത ട്രംപ് ആദ്യമായാണു പാപ്പയെ നേരിട്ടു കാണുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തു മാർപാപ്പയ്ക്കെതിരെ അദ്ദേഹം കടുത്ത വാക്കുകൾ പ്രയോഗിച്ചിരുന്നു. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ വത്തിക്കാൻ ചോദ്യംചെയ്തിരുന്നു. അങ്ങനെ ചിന്തിക്കുന്ന ഒരാൾ ക്രിസ്ത്യാനിയല്ലെന്നായിരുന്നു മാർപാപ്പയുടെ നിലപാട്.

തന്റെ വിശ്വാസത്തെ ചോദ്യംചെയ്ത മാർപാപ്പയുടെ നടപടി നാണംകെട്ടതാണെന്നായിരുന്നു ട്രംപിന്റെ മറുപടി. പരിസ്ഥിതിപ്രശ്നം, നിയന്ത്രണമില്ലാത്ത മുതലാളിത്തം, അഭയാർഥിപ്രശ്നം എന്നിവയിലെല്ലാം ട്രംപിനെ എതിർക്കുന്ന നിലപാടാണു മാർപാപ്പയുടേത്.