ഇന്ത്യ–അഫ്ഗാനിസ്ഥാൻ വ്യോമ ഇടനാഴിക്കെതിരെ ചൈനീസ് പത്രം

ബെയ്ജിങ്∙ കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത ഇന്ത്യ–അഫ്ഗാൻ വ്യോമ ഇടനാഴി പാക്ക് അധിനിവേശ കശ്മീരിനെ മറികടന്നുള്ള നിർദിഷ്ട ചൈന–പാക്ക് സാമ്പത്തിക ഇടനാഴിക്കു ബദലായ നീക്കമാണെന്നു ചൈനീസ് പത്രം. ഇന്ത്യയുടെ മൽസര മനോഭാവത്തെയാണിതു കാണിക്കുന്നതെന്നും ചൈനയുടെ ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടു.

ഉഭയകക്ഷി വ്യാപാരത്തെ ശക്തിപ്പെടുത്താനാണ് പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ–അഫ്ഗാൻ വ്യോമ ഇടനാഴി സ്ഥാപിച്ചത്. അഫ്ഗാനിൽ നിന്ന് ഇന്ത്യൻവിപണിയിലേക്കു വേഗത്തിൽ സാധനങ്ങളെത്തിക്കുന്നതിന് ഇതുമൂലം കഴിയും. ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യ ചബഹാർ തുറമുഖം വികസിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളെയും ഗ്ലോബൽ ടൈംസ് വിമർശിച്ചു.