മക്കാവുവിലും ഹോങ്കോങ്ങിലും ചുഴലിക്കാറ്റ്; 16 മരണം

ബെയ്ജിങ്∙ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വേഗമുള്ള ചുഴലിക്കാറ്റ് മക്കാവുവിലെയും ഹോങ്കോങ്ങിലെയും ജനജീവിതം താറുമാറാക്കി. ദക്ഷിണചൈനാ തീരത്താകെ 16 പേർ മരിച്ചു, 150 പേർക്കു പരുക്കേൽക്കുകയും ചെയ്തു. മക്കാവുവിൽ മാത്രം എട്ടുപേർ മരിച്ചിട്ടുണ്ട്.

ഹാത്തോ എന്ന പേരിലുള്ള ചുഴലിക്കാറ്റ് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലാണ് ആഞ്ഞടിച്ചത്. വൈദ്യുതി തടസ്സം മൂലം 24 മണിക്കൂർ മക്കാവു ഇരുട്ടിലായി. കെട്ടിടങ്ങളിൽനിന്നു വീണും മതിലിടിഞ്ഞും ലക്ഷ്യം തെറ്റിയ വണ്ടി വന്നിടിച്ചുമാണു മരണങ്ങൾ.

ഹോങ്കോങ്ങിനെ, കാറ്റിനൊപ്പമുള്ള കനത്തമഴയും ബാധിച്ചു. വിമാനങ്ങൾ റദ്ദാക്കി. 19 ലക്ഷം കുടുംബങ്ങളിൽ വൈദ്യുതി മുടങ്ങി. പകുതിയോളം വീടുകളിൽ മാത്രമേ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. തീരപ്രദേശങ്ങളെ വൻതിരമാലകൾ വിഴുങ്ങി.

സുഹായ് നഗരത്തിൽ കപ്പൽ നിയന്ത്രണംവിട്ട് കടൽപാലത്തിൽ വന്നിടിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുമെന്നു മുന്നറിയിപ്പുണ്ട്.