സൗദി–ഇസ്രയേൽ രഹസ്യ ധാരണ: ഇസ്രയേൽ മന്ത്രി

ജറുസലം∙ സൗദിയുമായി ഇസ്രയേലിനു ചില രഹസ്യ ബന്ധങ്ങളുണ്ടെന്ന് ഇസ്രയേലിലെ ഊർജമന്ത്രി യുവാൽ സ്റ്റെയ്നിറ്റ്സ് സൂചിപ്പിച്ചു. സൗദി–ഇസ്രയേൽ രഹസ്യ ബന്ധത്തെക്കുറിച്ചു പല കിംവദന്തികളും നിലവിലുണ്ടെങ്കിലും മുതിർന്ന നേതാവ് അതു ശരിവയ്ക്കുന്നത് ആദ്യമാണ്.

മന്ത്രി യുവാലിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചു സൗദി പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവും മാധ്യമപ്രവർത്തകർക്കു മറുപടി നൽകിയില്ല.

പശ്ചിമേഷ്യയിലെ ഏറ്റവും അപകടകാരിയായി ഇസ്രയേൽ കാണുന്നത് ഇറാനെയാണ്. സൗദിയും ഇറാനുമായുള്ള ബന്ധവും ശത്രുതാപരമാണ്. ഈ സാഹചര്യത്തിലാണ് ഇറാനെന്ന പൊതുശത്രുവിനെതിരെ സൗദി–ഇസ്രയേൽ ധാരണയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലവിലുള്ളത്.