അഫ്ഗാനിസ്ഥാനിൽ തമ്മിലടിച്ച 15 പ്രവർത്തകരെ ഐഎസ് തലവെട്ടിക്കൊന്നു

ജലാലാബാദ്∙ അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയായ നൻഗർഹാറിൽ പരസ്പരം ഏറ്റുമുട്ടിയ 15 അനുയായികളെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതൃത്വം തലവെട്ടിക്കൊന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഇതേസമയം, ജലാലാബാദിൽ ബോംബുസ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഒൻപതു പ്രവിശ്യകളിൽ ഐഎസിനു ശക്തമായ സ്വാധീനമുണ്ട്. എന്നാൽ, നൻഗർഹാറിൽ ഐഎസും താലിബാനും സജീവമാണ്.

ഇതിനിടെ, സിറിയയോടു ചേർന്നുകിടക്കുന്ന പ്രദേശത്ത് അവശേഷിക്കുന്ന ഐഎസ് ഭീകരരെ തുരത്താൻ ഇറാഖ് വൻ സൈനിക നീക്കം തുടങ്ങി. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികൾക്കിടയിലുള്ള ഈ മരുപ്രദേശത്തുനിന്നു കൂടി ഭീകരരെ തുരത്തിയാൽ ഇറാഖിനെ പൂർണമായി ഐഎസിന്റെ പിടിയിൽ നിന്നു മോചിപ്പിക്കാൻ കഴിയും.