ബ്രെക്സിറ്റ് പ്രത്യാഘാതം: ബ്രിട്ടൻ വിടാൻ യൂറോപ്യൻ നഴ്സുമാർ; 40000 ഒഴിവുകൾ വന്നേക്കുമെന്ന‌് വിദഗ്ധർ

ലണ്ടൻ∙ ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിൽ ജോലി തിരഞ്ഞെടുക്കുന്ന യൂറോപ്യൻ നഴ്സുമാരുടെ എണ്ണത്തിൽ ഇടിവുണ്ടാകുമെന്ന് ബ്രിട്ടനിലെ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ (എൻഎംസി) നിരീക്ഷണം.ബ്രെക്സിറ്റ് തീരുമാനം ഉണ്ടായതിനു ശേഷം ബ്രിട്ടനിലേക്കു ജോലി തേടിയെത്തുന്ന ഇതര യൂറോപ്യൻ നഴ്സുമാരുടെ എണ്ണം 89 ശതമാനം കുറഞ്ഞു. യുകെയിൽ നിലവിൽ ജോലിയുള്ള യൂറോപ്യൻ നഴ്സുമാരും ഇവിടത്തെ ജോലി ഉപേക്ഷിക്കുന്നുണ്ട്.ഇങ്ങനെ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 67 ശതമാനം വർധനയുണ്ട്. ബ്രെക്സിറ്റിനുശേഷം ബ്രിട്ടനിൽ നാൽപതിനായിരത്തിലധികം നഴ്സുമാരുടെ ഒഴിവുണ്ടാകുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു. യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, റൊമാനിയ, ഇറ്റലി, പോർച്ചുഗൽ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ എണ്ണത്തിൽ ക്രമാതീതമായ ഇടിവാണു രേഖപ്പെടുത്തിയിട്ടുള്ളത്.

കാരണം ആശങ്ക
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തായാൽ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന സമ്മർദം മൂലം പല നഴ്സുമാരും കടുത്ത തീരുമാനത്തിലേക്കു പോകുകയാണെന്നു നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) അധിക‍ൃതർ പറയുന്നു.

നഴ്സിങ്ങിൽ നയംമാറ്റം?
കൂടുതൽ നഴ്സുമാരെ പരിശീലിപ്പിക്കാനുള്ള ട്രെയിനിങ് കേന്ദ്രങ്ങൾ തുടങ്ങാൻ ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം സ്വാഗതാർഹമാണെങ്കിലും പരിശീലനത്തിന് ഒരുപാടു വർഷങ്ങൾ വേണ്ടിവരുമെന്നാണു ബ്രിട്ടീഷ് ആരോഗ്യമേഖലയിലുള്ള കിങ്സ് ഫണ്ട് തിങ്ക് ടാങ്ക് അധികൃതർ പറയുന്നത്.  വിദേശരാജ്യങ്ങളിലെ നഴ്സുമാരുടെ ഇംഗ്ലീഷ് പ്രാവീണ്യം പരിശോധിക്കാനായി നിലവിൽ ഉപയോഗിക്കുന്ന ഐഇഎൽടിഎസിനു പകരം കൂടുതൽ എളുപ്പമുള്ള ഓക്യുപേഷനൽ ഇംഗ്ലിഷ് ടെസ്റ്റ്(ഒഇടി) പരിഗണിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു.