മ്യാൻമർ പ്രസിഡന്റ് ടിൻ ച്യാവ് രാജിവച്ചു; ആരോഗ്യകാരണങ്ങളാലെന്നു വിശദീകരണം

യാങ്കൂൺ∙ രോഹിൻഗ്യ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾ മൂലം രാജ്യാന്തര വിമർശനം നേരിടുന്ന മ്യാൻമർ സ്റ്റേറ്റ് കൗൺസലർ ഓങ് സാൻ സൂ ചിയുടെ വിശ്വസ്തനും മ്യാൻമർ പ്രസിഡന്റുമായ ടിൻ ച്യാവ് (72) രാജിവച്ചു. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ആരോഗ്യ കാരണങ്ങളാലാണെന്നു കരുതുന്നു.

‘മ്യാൻമർ പ്രസിഡന്റ് ടിൻ ച്യാവ് രാജിവച്ചു’ എന്നാണു പ്രസിഡന്റിന്റെ ഔദ്യോഗിക ഫെയ്സ് ബുക് പേജിൽ പറഞ്ഞിരിക്കുന്നത്. മാസങ്ങളായി ടിൻ ച്യാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. നേരത്തേ ഹൃദ്രോഗത്തിന് ഇദ്ദേഹം ചികിൽസ തേടിയിട്ടുണ്ട്. പുതിയ നേതാവിനെ ഏഴു ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുക്കുമെന്നും ഫെയ്സ് ബുക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

തൽക്കാലത്തേക്കു വൈസ് പ്രസിഡന്റ് മയിന്റ് സ്വേ അധികാരമേൽക്കുമെന്നാണു കരുതുന്നത്. മ്യാൻമറിൽ പ്രസിഡന്റ് സ്ഥാനം ആലങ്കാരിക പദവി മാത്രമാണ്. അധികാരം സ്റ്റേറ്റ് കൗൺസലറിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. ഓങ് സാൻ സൂ ചിയുടെ പഴയ സ്കൂൾ സുഹൃത്തായ ടിൻ ച്യാവ്, 1962നു ശേഷം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്.

രാജ്യമെങ്ങും ആദരണീയനായ അദ്ദേഹം എക്കാലത്തും സൂ ചിയുടെ ഏറ്റവും വിശ്വസ്തനായി അറിയപ്പെട്ടിരുന്നു. രോഹിൻഗ്യ പ്രശ്നത്തിൽ മുസ്‌ലിംകൾക്കു വേണ്ടി സൈന്യത്തോട് ഒരു വാക്കും പറയാതിരുന്നതിന്റെ പേരിൽ രാജ്യാന്തര തലത്തിൽ സൂ ചി വിമർശനം നേരിട്ടപ്പോഴും ടിൻ ച്യാവ് അവരോടൊപ്പം നിലയുറപ്പിച്ചിരുന്നു.