വിൻ മയന്റ് മ്യാൻമർ പ്രസിഡന്റ്

വിൻ മയന്റ്, ഓങ് സാൻ സൂ ചി

യാങ്കൂൺ∙ ഓങ് സാൻ സൂ ചിയുടെ വിശ്വസ്തനായ വിൻ മയന്റിനെ (66) മ്യാൻമറിന്റെ പുതിയ പ്രസിഡന്റായി പാർലമെന്റ് തിരഞ്ഞെടുത്തു. ‌ആരോഗ്യനില മോശമായതിനെ തുടർന്നു ടിൻ ച്യാവ് (72) കഴിഞ്ഞയാഴ്ച പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണിത്. പാർലമെന്റിന്റെ ഇരുസഭകളിലും സൂ ചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസിക്കാണു ഭൂരിപക്ഷം. 639ൽ 403 വോട്ടുകളാണു വിൻ മയന്റിനു ലഭിച്ചത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ടിൻ ച്യാവും സൂ ചിയുടെ വിശ്വസ്തനാണ്.

അധോസഭയുടെ സ്പീക്കറായിരുന്ന മയന്റിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതു പാർട്ടിയിലും സർക്കാരിലും സൂ ചിയുടെ മേധാവിത്വം തുടരുന്നതിന്റെ സൂചനയാണ്. 1988ൽ ജനാധിപത്യ പ്രക്ഷോഭത്തിൽ പട്ടാളഭരണകൂടത്തിനെതിരെ സൂ ചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിൻ മയന്റ്. പ്രസിഡന്റാണു ഭരണഘടനാപരമായി മ്യാൻമർ ഭരണത്തലവനെങ്കിലും 2016 ഏപ്രിൽ മുതൽ മ്യാൻമറിന്റെ യഥാർഥ ഭരണാധികാരി സൂ ചിയാണ്. മ്യാൻമറിൽ ന്യൂനപക്ഷമായ രോഹിൻഗ്യകൾക്കെതിരെ നടന്ന വംശീയ അതിക്രമങ്ങളുടെ പേരിൽ രാജ്യാന്തരതലത്തിൽ കടുത്ത വിമർശനമാണു നേരിടുന്നത്.