മെൽബണിൽ ഭീകരാക്രമണം; 3 പേർക്കു കുത്തേറ്റു, ഒരാൾ മരിച്ചു

മെൽബൺ ∙ ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിലെ തിരക്കേറിയ ബർക് സ്ട്രീറ്റിൽ ഗ്യാസ് സിലിണ്ടറുകൾ നിറച്ച ട്രക്കിനു തീവച്ചശേഷം അക്രമി കത്തി കൊണ്ട് നടത്തിയ ആക്രമണത്തിൽ 3 പേർക്കു കുത്തേറ്റു; ഒരാൾ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.

സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് അറിയിച്ചു. അക്രമിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ഓസ്ട്രേലിയയിലെങ്ങും അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച വൈകിട്ടാണു സംഭവം. ബാർബീക്യു ഗ്യാസ് സിലിണ്ടറുകൾ നിറച്ച ട്രക്കിലെത്തിയ അക്രമി പുറത്തിറങ്ങി ട്രക്കിനു തീയിട്ടശേഷം സമീപത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചില്ല. 10 മിനിറ്റിനുള്ളിൽ തീയണയ്ക്കാനുമായി. കാർ കത്തുന്നതുകണ്ട് ഓടിയെത്തിയ പൊലീസിനെ അക്രമി കത്തി വീശി നേരിട്ടപ്പോഴാണു പൊലീസ് വെടിവച്ചത്.

കഴിഞ്ഞ വർഷം ജനുവരിയിൽ അമിതവേഗത്തിലെത്തിയ കാർ ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറി 6 പേർ കൊല്ലപ്പെടുകയും 30 പേർക്കു പരുക്കേൽക്കുകയും ചെയ്ത അതേ തെരുവിലാണ് ഈ ആക്രമണവും നടന്നത്. 2014ൽ സിഡ്നിയിലെ  കഫേയിൽ ഐഎസ് അനുഭാവിയായ തോക്കുധാരി ആളുകളെ 17 മണിക്കൂർ ബന്ദിയാക്കിയിരുന്നു. 

രണ്ടു ബന്ദികൾ കൊല്ലപ്പെട്ട ഈ ആക്രമണത്തിനുശേഷം ഓസ്ട്രേലിയ കടുത്ത ജാഗ്രതയിലാണ്.