ബ്രെക്സിറ്റ് ബഹളം: പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ അവിശ്വാസത്തിനു നീക്കം; സർക്കാർ വീഴുമോ?

തെരേസ മേ

ലണ്ടൻ∙ ബ്രെക്സിറ്റ് ഉടമ്പടി സംബന്ധിച്ച അഭിപ്രായഭിന്നതകൾ മൂലം ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി. കൺസർവേറ്റിവ് (ടോറി) പാർട്ടിയിൽ ആഭ്യന്തരകലഹം രൂക്ഷമായതിനൊപ്പം പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ അവിശ്വാസത്തിനു നീക്കവും തുടങ്ങി. ബ്രെക്സിറ്റിനു മേൽനോട്ടം വഹിച്ചിരുന്ന മന്ത്രി ഡോമിനിക് റാബിന്റേതുൾപ്പെടെ മന്ത്രിസഭയിൽനിന്നു കൂട്ടരാജി കൂടിയായതോടെ സർക്കാരിന്റെ ഭാവി തുലാസിലായി. കരാറില്ലാത്തതിലും ഭേദമാണ് എന്തെങ്കിലുമൊരു കരാറെന്ന അഭിപ്രായവുമായി മന്ത്രി ലിയം ഫോക്സ് പ്രധാനമന്ത്രിക്കു പിന്തുണയുമായി രംഗത്തുണ്ട്. പരിസ്ഥിതി മന്ത്രി മൈക്കൽ ഗൊവും മേയെ പിന്തുണയ്ക്കുന്നു. പ്രതിഷേധങ്ങൾക്കിടയിലും കരടു കരാറുമായി മുന്നോട്ടുപോകാനാണു മേയുടെ തീരുമാനം. ഇതു സംബന്ധിച്ച് മേയ് കഴിഞ്ഞദിവസം എംപിമാരുടെ ചോദ്യങ്ങൾ നേരിട്ടതു ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ തന്നെ അപൂർവസംഭവമായി.

ബ്രിട്ടന്റെ പരമാധികാരത്തിൽ കൈകടത്താൻ യൂറോപ്യൻ യൂണിയന് അധികാരം നൽകുന്ന ചില വ്യവസ്ഥകൾ മേയുടെ കരാറിലുള്ളതാണു പ്രതിഷേധത്തിനു കാരണം. മേ മുന്നോട്ടു വച്ച കരാറിന് പാർലമെന്റിലെ 650 അംഗങ്ങളിൽ 320 പേരുടെ പിന്തുണയുണ്ടെങ്കിൽ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിടാം. ഉടമ്പടി ചർച്ചചെയ്യാൻ യൂറോപ്യൻ യൂണിയൻ 25നു പ്രത്യേക ഉച്ചകോടി ചേരുന്നുണ്ട്. ബ്രെക്സിറ്റ് അനിശ്ചിതത്വം മൂലം ഓഹരിവിപണി ഇടിഞ്ഞു. പൗണ്ടിനും വിലയിടിഞ്ഞു.

അവിശ്വാസം, വിളിപ്പാടകലെ

ലണ്ടൻ∙ തെരേസ മേയ്ക്കെതിരെ അവിശ്വാസം കൊണ്ടുവരാനായി പ്രത്യേക സമിതി അധ്യക്ഷൻ ഗ്രഹാം ബ്രേഡിക്കു കത്തെഴുതിയെന്നു തുറന്നു പറഞ്ഞ് കൺസർവേറ്റിവ് പാർട്ടിയിലെ 20 എംപിമാർ. ആകെ 48 പേർ ആവശ്യപ്പെട്ടാൽ പാർട്ടിയിൽ അവിശ്വാസം ചർച്ചയ്ക്കെടുക്കും.‌ 315 കൺസർവേറ്റിവ് എംപിമാരിൽ 158 പേരുടെ പിന്തുണയുണ്ടെങ്കിൽ പാസാകും.

BREXIT എന്താണ്?

‘ബ്രിട്ടിഷ് എക്സിറ്റ്’ എന്നതിന്റെ ചുരുക്കരൂപം. ബ്രിട്ടൻ യൂറോപ്യൻ യൂണിയനു(ഇയു)മായുള്ള ബന്ധം വേർപെടുത്തണമെന്ന അപ്രതീക്ഷിത തീരുമാനമായത് 2016 ജൂൺ 23 ലെ ഹിതപരിശോധനയിൽ. ഹിതപരിശോധന നിർദേശിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറണ് രാജിവയ്ക്കേണ്ടി വന്നു. അങ്ങനെയാണ്, അന്ന് ഹോം സെക്രട്ടറിയായിരുന്ന തെരേസ മേ കൺസർവേറ്റിവ് പാർട്ടി നേതാവായതും പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയായതും. ബ്രെക്സിറ്റ് നടപടികൾ ഔദ്യോഗികമായി തുടങ്ങിവച്ചത് 2017 മാർച്ച് 29ന്. യൂറോപ്യൻ യൂണിയനുമായി പുതിയ ബന്ധം നിർവചിച്ചുള്ള കരാറുണ്ടാക്കാൻ ബ്രിട്ടനുള്ള സമയം അന്നു മുതൽ രണ്ടുവർഷം.