ശ്രീലങ്ക: പ്രതിസന്ധിക്കു പരിഹാരം കാണാൻ സർവകക്ഷിയോഗം

റനിൽ വിക്രമസിംഗെ, മൈത്രിപാല സിരിസേന, മഹിന്ദ രാജപക്ഷെ

കൊളംബോ ∙ റനിൽ വിക്രമസിംഗെയെ മാറ്റി പകരം മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയതിനെ തുടർന്നു ശ്രീലങ്കയിൽ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇന്നലെ സർവകക്ഷി യോഗം വിളിച്ചു. എന്നാൽ പ്രശ്നങ്ങളെന്നും സിരിസേനയുടെ സൃഷ്ടിയാണെന്നും അദ്ദേഹം തന്നെ പരിഹരിച്ചാൽ മതിയെന്നും ചൂണ്ടിക്കാട്ടി പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ജെവിപി) ഈ യോഗം ബഹിഷ്കരിച്ചു. സ്പീക്കർ കരു ജയസൂര്യയും പങ്കെടുത്തില്ല.

സിരിസേന വിക്രമസിംഗെയ്ക്കു പകരം രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയതോടെയാണു പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന്, കാലാവധി അവസാനിക്കാൻ 20 മാസം ബാക്കി നിൽക്കെ പാർലമെന്റ് പിരിച്ചുവിട്ടു. സുപ്രീം കോടതി ഇതു സ്റ്റേ ചെയ്തു. ഇതിനിടെ, പാർലമെന്റിൽ അവിശ്വാസപ്രമേയത്തിൽ രാജപക്ഷെ തോറ്റതോടെ ഫലത്തിൽ സ്ഥാനഭൃഷ്ടനായി. പുറത്താക്കപ്പെട്ട വിക്രമസിംഗെ ഇതുവരെ തീരുമാനം അംഗീകരിച്ചിട്ടില്ല. എന്നാൽ, രാജപക്ഷെ പുറത്തായ സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ചുമതലയേൽക്കേണ്ടി വരുമെന്നാണു വിലയിരുത്തൽ. റനിലിനെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ സിരിസേന തയാറല്ല. ഈ കുഴഞ്ഞു മറിഞ്ഞ സാഹചര്യത്തിലാണ് സിരിസേന യോഗം വിളിച്ചത്.