ഇ-മൈഗ്രേറ്റ് റജിസ്‌ട്രേഷൻ എന്ത്? എങ്ങനെ?

ദോഹ∙ ഗൾഫ്  ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നു തൊഴിൽ തേടി പോകുന്നവർക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഇ- മൈഗ്രേറ്റ് റജിസ്‌ട്രേഷൻ പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കുന്നു. പുതിയതായി തൊഴിൽ വീസയിൽ പോകുന്നവർ മാത്രമല്ല, നിലവിൽ ഈ രാജ്യങ്ങളിൽ തൊഴിൽ വീസയിൽ ജോലി ചെയ്യുന്നവരും ഓൺലൈനായി റജിസ്റ്റർ ചെയ്യണം. 

നാട്ടിൽ വന്ന് ചെയ്യേണ്ടി വരും

വിദേശത്തുവച്ച് റജിസ്റ്റർ ചെയ്യാനാവാത്തതിനാൽ അവധിക്കു നാട്ടിൽ വരുമ്പോൾ ചെയ്യേണ്ടിവരും. റജിസ്റ്റർ ചെയ്തില്ലെങ്കിൽ ജനുവരി ഒന്നിനു ശേഷം യാത്ര സാധ്യമാവില്ല.

റജിസ്‌ട്രേഷൻ എന്നു വരെ? എങ്ങനെ?

∙ യാത്രയ്ക്ക് 21 ദിവസം മുൻപു മുതൽ തലേന്നു വരെ റജിസ്റ്റർ ചെയ്യാം. 

∙ ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ചേ റജിസ്‌ട്രേഷൻ സാധ്യമാകൂ. https://emigrate.gov.in/ എന്ന വെബ്‌സൈറ്റിൽ ഇസിഎൻആർ റജിസ്‌ട്രേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക. റജിസ്റ്റർ ചെയ്യുന്നയാളുടെ മൊബൈൽ നമ്പർ നൽകുക. ഇത് സ്വന്തം പേരിൽ എടുത്തതാകണമെന്നില്ല. ഈ നമ്പറിലേക്ക് ഒടിപി മെസേജ് ലഭിക്കും. 

∙ ഒടിപി നൽകി അടുത്ത പേജിലേക്ക് പോകാം. അവിടെ ചുവപ്പു നക്ഷത്രമുള്ള കോളങ്ങൾ നിർബന്ധമായും പൂരിപ്പിക്കണം. പാസ്പോർട്ട് നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ, ജോലിചെയ്യുന്ന രാജ്യം, പ്രഫഷൻ, വീസ തുടങ്ങി അത്യാവശ്യഘട്ടങ്ങളിൽ നാട്ടിലും വിദേശത്തും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ, ഇ-മെയിൽ വിലാസം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. 

∙ എല്ലാം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താൽ റജിസ്റ്റർ ചെയ്യാനുപയോഗിച്ച നമ്പരിലേക്ക് സ്ഥിരീകരിച്ച് സന്ദേശമെത്തും. പാസ്പോർട്ട് ഉടമ തന്നെയാണ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യേണ്ടത്. ഫീസില്ല. റിക്രൂട്ടിങ് ഏജൻസി വഴി പുതിയ തൊഴിൽ വീസയിൽ  പോകുന്നവർ ഏജന്റിന്റെ വിശദാംശങ്ങൾ നൽകണം. നേരിട്ടു ജോലി ലഭിച്ചവർ ഈ കോളം പൂരിപ്പിക്കേണ്ടതില്ല. വീസ പുതുക്കുമ്പോൾ റജിസ്ട്രേഷൻ പുതുക്കേണ്ട. എന്നാൽ തൊഴിൽ സ്ഥാപനം മാറിയാൽ പുതിയ റജിസ്‌ട്രേഷൻ വേണ്ടിവരും. 

ലക്ഷ്യം, വിദേശ തൊഴിൽ സുരക്ഷ

ഇ-മൈഗ്രേറ്റ് റജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷകന് ലഭിച്ച എസ്എംഎസ്, ഇ-മെയിൽ സന്ദേശങ്ങൾ ജനുവരി ഒന്നു മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ കാണിക്കേണ്ടി വരും.

റജിസ്റ്റർ ചെയ്യാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. വിദേശ തൊഴിൽസുരക്ഷ ഉറപ്പാക്കാനാണ് ഇസിഎൻആർ പാസ്‌പോർട്ടുകാർക്കും റജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. തൊഴിൽ വീസയിൽ വിദേശ രാജ്യങ്ങളിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിശദവിവരങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.

മുൻപ് ഇസിആർ പാസ്‌പോർട്ടായിരുന്നവർ മൂന്നു വർഷത്തിൽ കൂടുതൽ വിദേശത്തു താമസിച്ചാലോ, നാട്ടിൽ ആദായനികുതി അടയ്ക്കുന്നുണ്ടെങ്കിലോ ഇസിഎൻആർ വിഭാഗത്തിലേക്കു മാറും. ഇങ്ങനെ ഇസിഎൻആർ വിഭാഗത്തിലേക്കു മാറിയവരും ഇ- മൈഗ്രേറ്റ് വെബ്‌സൈറ്റ് വഴി റജിസ്റ്റർ ചെയ്യണം. 

സന്ദർശക, ബിസിനസ്, തീർഥാടക വീസകളിൽ ഈ രാജ്യങ്ങളിലേക്കു പോകുന്നതിനു റജിസ്‌ട്രേഷൻ ആവശ്യമില്ല. ഫാമിലി വീസയിൽ വിദേശത്ത് എത്തി ജോലി ചെയ്യുവന്നവർക്കും റജിസ്‌ട്രേഷൻ നിർബന്ധമില്ല.

കൂടുതൽ വിവരങ്ങൾ പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ ടോൾഫ്രീ നമ്പറിലോ(1800113090) helpline@mea.gov.in എന്ന സൈറ്റിലോ ലഭിക്കും.

റജിസ്ട്രേഷൻ ആവശ്യമുള്ള രാജ്യങ്ങൾ

ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ, തായ്‌ലൻഡ്, യെമൻ, ലിബിയ, ഇന്തൊനീഷ്യ, സുഡാൻ, അഫ്ഗാനിസ്ഥാൻ, സൗത്ത് സുഡാൻ, ലബനൻ, സിറിയ.