മെൽബൺ ∙ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് നിലനിൽക്കെ വിലക്കു ലംഘിച്ച് മടങ്ങുന്ന സ്വന്തം പൗരന്മാർക്ക് ഓസ്ട്രേലിയ 5 വർഷം ജയിൽ ശിക്ഷയും 38 ലക്ഷം രൂപ പിഴയും ഏർപ്പെടുത്തി. ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് കോവിഡ് വ്യാപനം കാര്യമായില്ലാത്ത ഓസ്ട്രേലിയയുടെ കടുത്ത നടപടി. നാളെ മുതൽ ഓസ്ട്രേലിയയിൽ വിമാനമിറങ്ങുന്ന പൗരന്മാർ 14 ദിവസത്തിനിടെ ഇന്ത്യയിൽ കഴിഞ്ഞിട്ടുണ്ടെങ്കിൽ നടപടി നേരിടേണ്ടിവരും. 

9000 ഓസ്ട്രേലിയക്കാർ നിലവിൽ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ട്. അടുത്തിടെ ഇന്ത്യയിൽ നിന്നു മടങ്ങിയെത്തി ക്വാറന്റീനിൽ കഴിയുന്നവരിൽ ഏറിയ പങ്കും കോവിഡ് പോസിറ്റീവായ സാഹചര്യത്തിലാണു നടപടിയെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. 2015 ലെ ബയോസെക്യൂരിറ്റി നിയമപ്രകാരമാണ് നിയമലംഘകർക്ക് 5 വർഷം തടവോ 38 ലക്ഷം രൂപയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുക. 

സ്വന്തം പൗരന്മാർ രാജ്യത്തേക്കു മടങ്ങുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ഇതാദ്യമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  സർക്കാർ നടപടി കടുത്തു പോയെന്നും രാജ്യത്തേക്കു മടങ്ങുന്നവർക്കു ക്വാറന്റീൻ ഉറപ്പാക്കുകയാണു വേണ്ടതെന്നും പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.

Content Highlights: Australia ban travellers from India