ജറുസലം ∙ ഇസ്രയേലിൽ പുതിയ സ‍ർക്കാരുണ്ടാക്കാൻ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ യയിർ ലാപിഡിനെ (58) പ്രസിഡന്റ് റൂവൻ റിവ്‌ലിൻ ക്ഷണിച്ചു. മാർച്ച് 23 നു നടന്ന തിരഞ്ഞെടുപ്പിൽ ആ‍ർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, കൂട്ടുകക്ഷിസർക്കാരുണ്ടാക്കാൻ നെതന്യാഹുവിനെയാണു പ്രസിഡന്റ് ആദ്യം ക്ഷണിച്ചത്. എന്നാൽ സ‍ർക്കാ‍ർ രൂപീകരണത്തിനു നെതന്യാഹുവിനു നൽകിയ 28 ദിവസത്തെ സമയപരിധി ചൊവ്വാഴ്ച അ‍ർധരാത്രിയോടെ അവസാനിച്ചു. തുടർന്നാണു ലാപിഡിനെ ക്ഷണിച്ചത്.

ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായ നെതന്യാഹുവിനെ (71) മാറ്റിനിർത്തിയുള്ള സർക്കാർ രൂപീകരണത്തിലേക്കാണു എതിരാളികൾ നീങ്ങുന്നത്. എന്നാൽ ആവശ്യമായ പിന്തുണ നേടാൻ ലാപിഡിനു കഴിയുമോയെന്നു വ്യക്തമല്ല. മുൻധനമന്ത്രി കൂടിയായ ലാപിഡിന് 56 എംപിമാർ പിന്തുണ ഉറപ്പുനൽകിയെന്ന് പ്രസിഡന്റ് ടിവി പ്രസംഗത്തിൽ പറഞ്ഞു.120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 61 എംപിമാരുടെ പിന്തുണ വേണം.

2 വർഷത്തിനിടെ നാലാമത്തെ പൊതു തിരഞ്ഞെടുപ്പാണു മാർച്ചിൽ നടന്നത്. 30 സീറ്റ് നേടിയ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സർക്കാർ രൂപീകരണത്തിനു ലാപിഡിനും 28 ദിവസം ലഭിക്കും.