കഠ്മണ്ഡു ∙ ഭരണ പ്രതിസന്ധി തുടരുന്ന നേപ്പാളിൽ, പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി പാർലമെന്റ് പിരിച്ചുവിട്ടു. നവംബറിൽ 2 ഘട്ടമായി പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്നു പ്രഖ്യാപിച്ചു. നിശ്ചിത സമയത്തിനുള്ളിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം കണ്ടെത്താൻ കെ.പി. ശർമ ഓലിക്കോ പ്രതിപക്ഷ നേതാവ് ഷേർ ബഹാദൂർ ദുബെയ്ക്കോ കഴിഞ്ഞില്ലെന്നു കാട്ടിയാണു തീരുമാനം. 

നേരത്തേ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) സിപിഎൻ–യുഎംഎൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ വിശ്വാസവോട്ടെടുപ്പിൽ ഓലി പരാജയപ്പെട്ടിരുന്നു. മുഖ്യപ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ ഓലി വീണ്ടും അധികാരമേറ്റു. 

സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം അവകാശപ്പെട്ട് ഇരുപക്ഷവും വെള്ളിയാഴ്ച വീണ്ടും പ്രസിഡന്റിനു കത്തു നൽകിയിരുന്നു. പിന്നാലെ കാവൽ മന്ത്രിസഭ രാത്രി അടിയന്തരമായി ചേർന്നാണ് പാർലമെന്റ് പിരിച്ചുവിടാൻ ശുപാർശ നൽകിയത്. നവംബർ 12ന് ആദ്യഘട്ടവും 19ന് രണ്ടാംഘട്ടവുമായി തിരഞ്ഞെടുപ്പ് നടത്തും. ഓലിയുടെ നിർദേശപ്രകാരം 2020 ഡിസംബറിലും പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ടെങ്കിലും ഫെബ്രുവരിയിൽ സുപ്രീം കോടതി അതു റദ്ദാക്കി. 

അതേസമയം, പ്രസിഡന്റിന്റെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നു സംയുക്ത പ്രതിപക്ഷ യോഗം ആരോപിച്ചു. തീരുമാനത്തിനെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. എന്നാൽ, തിരഞ്ഞെടുപ്പിലൂടെ മാത്രമേ രാഷ്ട്രീയ അസ്ഥിരതയ്ക്ക് അന്ത്യം കുറിക്കാനാകൂവെന്ന് ഓലി അഭിപ്രായപ്പെട്ടു.