ബെയ്ജിങ് ∙ എച്ച്10എൻ3 പക്ഷിപ്പനി ആദ്യമായി മനുഷ്യനിലും. കോഴികളിൽ നിന്ന് മനുഷ്യനിലേക്കു പടരുന്ന ഈ ഇനം വൈറസ് ബാധ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലുള്ള നാൽപത്തൊന്നുകാരനിലാണ് കണ്ടെത്തിയത്. ഇയാളുമായി സമ്പർക്കം പുലർത്തിയ ആർക്കും വൈറസ് ബാധയുണ്ടായിട്ടില്ല.

തീവ്രത വളരെ കുറവായതിനാൽ പകർച്ചവ്യാധിയായി മാറാൻ സാധ്യതയില്ലെന്നും ആശുപത്രിയിൽ നിന്നു വിട്ടയയ്ക്കാവുന്ന സ്ഥിതിയിലാണ് രോഗിയെന്നും അധികൃതർ വ്യക്തമാക്കി. മേയ് 28നാണ് രോഗം സ്ഥിരീകരിച്ചതെന്നു വ്യക്തമാക്കിയ നാഷനൽ ഹെൽത്ത് കമ്മിഷൻ പക്ഷേ, എങ്ങനെയാണ് രോഗം ബാധിച്ചതെന്നു വ്യക്തമാക്കിയില്ല. പലയിനം പക്ഷിപ്പനി ചൈനയിലുണ്ട്. ചിലതു വേഗം പടരുന്നവയാണ്. എച്ച്10എൻ3 വൈറസ് ബാധ ലോകത്തെങ്ങും മനുഷ്യരിൽ ഇതുവരെ കാണപ്പെട്ടിട്ടില്ല. 

English Summary: China reports first human case of H10N3 bird flu