ജറുസലം ∙ ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയായി. 10–12 ദിവസത്തിനകം പാർലമെന്റ് ചേരുമ്പോൾ വിശ്വാസ വോട്ട് നേടാനായാൽ, പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് അന്ത്യമാകും. 8 പ്രതിപക്ഷ കക്ഷികളടങ്ങുന്ന സഖ്യം രൂപീകരിച്ചതായി യെഷ് അതിഡ് പാർട്ടി നേതാവായ യയ്‌ർ ലപീദ് അറിയിച്ചു.

തീവ്ര വലതുപക്ഷ കക്ഷിയായ യമിനയുടെ മേധാവി നഫ്താലി ബെനറ്റ് സർക്കാരിന്റെ ആദ്യ പകുതിയിലും ലപീദ് രണ്ടാം പകുതിയിലും പ്രധാനമന്ത്രിയാകും. അതുവരെ ലപീദ് വിദേശകാര്യമന്ത്രി സ്ഥാനം വഹിക്കും. ഈ മാസം പതിനാലോടെ പാർലമെന്റ് ചേരുമെന്നാണു സൂചന. അറബ് ഇസ്‌ലാമിസ്റ്റ് റാം പാർട്ടിയും സഖ്യത്തിന്റെ ഭാഗമാണ്. ദശകങ്ങൾക്കുശേഷമാണ് ഒരു അറബ് കക്ഷി ഭരണസഖ്യത്തിൽ ചേരുന്നത്.

അതേസമയം, മറ്റ് അറബ് കക്ഷികൾ ബെനറ്റിനെതിരെ വോട്ട് ചെയ്യുമെന്ന നിലപാടിലാണ്. 120 അംഗ പാർലമെന്റിൽ പ്രതിപക്ഷ സഖ്യകക്ഷികളെല്ലാം ചേർന്നാൽ 62 സീറ്റുണ്ട്. വലതുപക്ഷ വോട്ടു കൊണ്ട് ജയിച്ച എല്ലാ അംഗങ്ങളും പാർലമെന്റിൽ പുതിയ സഖ്യത്തിനെതിരെ വോട്ട് ചെയ്യണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു.