ഗ്രീൻവിൽ (നോർത്ത് കാരലൈന) ∙ യുഎസിൽ കോവിഡ് മഹാമാരിയെ നേരിടുന്നതിൽ പകർച്ചവ്യാധി വിദഗ്ധൻ ആന്റണി ഫൗച്ചിക്കു പിഴവു പറ്റിയെന്നും ഈ മഹാമാരിക്ക് ചൈന നഷ്ടപരിഹാരം നൽകണമെന്നും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

2024 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കും വരെ വിശ്രമമില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ നോർത്ത് കാരലൈന കൺവൻഷനിൽ ട്രംപ് പ്രഖ്യാപിച്ചു. കോവിഡ് സംബന്ധിച്ച് ഫൗച്ചിയുടെ ഉപദേശങ്ങളെല്ലാം മണ്ടത്തരമാണെന്ന് ട്രംപ് വിമർശിച്ചു. മഹാമാരിയുണ്ടാക്കിയ ദുരിതത്തിന് ചൈന യുഎസിനും ലോകത്തിനും 10 ലക്ഷം കോടി ഡോളർ നഷ്ടപരിഹാരം നൽകണം – ട്രംപ് പറഞ്ഞു. 

‘നമ്മുടെ പ്രസിഡന്റ്’ എന്നാണ് നോർത്ത് കാരലൈനയിലെ റിപ്പബ്ലിക്കൻ പാർട്ടി അധ്യക്ഷൻ മൈക്കൽ വാറ്റ്ലി ട്രംപിനെ സ്വാഗതം ചെയ്തതത്. കഴിഞ്ഞ നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് ഡമോക്രാറ്റുകൾ വിജയിച്ചതെന്ന് ആരോപിക്കുന്ന ട്രംപും കൂട്ടരും തോൽവി അംഗീകരിക്കാൻ മടിക്കുന്നു. 

English Summary: In rare public outing, Trump denounces Fauci, China; dangles 2024 prospects