യാങ്കൂൺ ∙ മ്യാൻമറിലെ ഗ്രാമീണ മേഖലയിൽ പട്ടാളവും നാട്ടുകാരുമായുള്ള ഏറ്റുമുട്ടലിൽ 20 ഗ്രാമീണരെ സൈന്യം വധിച്ചു. അയേയാർവാഡി നദീതീരത്തുള്ള ക്യേൻപേ നഗരത്തിനോടു ചേർന്നുള്ള പ്രദേശം തലസ്ഥാനമായ യാങ്കൂണിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ്. അമ്പും വില്ലും തെറ്റാലിയുമായാണ് നാട്ടുകാർ പട്ടാളത്തെ നേരിട്ടത്.

ഓങ്സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച ശേഷം പട്ടാളം നടത്തുന്ന ക്രൂരമായ കൂട്ടനരഹത്യയാണിത്. ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന പട്ടാളം ഇതുവരെ 845 പേരെ വകവരുത്തി. ഗ്രാമത്തിൽ ആയുധം തിരഞ്ഞെത്തിയ സേനയെയാണ് പരമ്പരാഗത ആയുധങ്ങളുമായി ഗ്രാമീണർ നേരിട്ടത്.