കാൻബറ / ആംസ്റ്റർഡാം ∙ വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 4 ഭൂഖണ്ഡങ്ങളിൽനിന്നായി ആഗോള ലഹരികടത്ത്, ക്രിമിനൽ സംഘാംഗങ്ങളായ 800 പേരെ അറസ്റ്റ് ചെയ്തു. 1000 കോടിയിലേറെ രൂപ, ടൺ കണക്കിനു ലഹരിമരുന്ന്, ആയുധങ്ങൾ, ക്രിപ്റ്റോ കറൻസി, ആ‍‍ഡംബര കാറുകൾ എന്നിവ പിടികൂടി.

രഹസ്യ ആപ് ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോണുകൾ ക്രിമിനൽ സംഘങ്ങൾക്കു വിറ്റ്, അതിലൂടെ അവരെ നിരീക്ഷിച്ചായിരുന്നു അറസ്റ്റ്. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), ഓസ്ട്രേലിയൻ, യൂറോപ്യൻ പൊലീസ് എന്നിവ സംയുക്തമായാണ് ഏഷ്യ, യൂറോപ്പ്, ഓസ്ട്രേലിയ, തെക്കേ അമേരിക്ക, മധ്യപൂർവദേശം എന്നിവിടങ്ങളിൽ വൻ റെയ്ഡ് നടത്തിയത്. 2018 ൽ ഓസ്ട്രേലിയൻ പൊലീസും എഫ്ബിഐയുമാണ് ഓപ്പറേഷൻ ഗ്രീൻലൈറ്റ് / ട്രോജൻ ഷീൽഡ് എന്നു പേരിട്ട വൻ പദ്ധതിക്കു തുടക്കമിട്ടത്.

യുഎസ് അധികൃതർ വികസിപ്പിച്ചെടുത്ത An0m എന്ന രഹസ്യമെസേജിങ് ആപ് ആണ് ഫോണുകളിൽ ഉൾപ്പെടുത്തിയത്. ഈ ഫോണുകൾ രഹസ്യ ആശയവിനിമയത്തിനു സുരക്ഷിതമാണെന്ന മട്ടിൽ സൂത്രത്തിൽ സംഘടിത ക്രിമിനൽ സംഘങ്ങൾക്കു വിൽക്കുകയായിരുന്നു. ക്രിമിനൽ സംഘങ്ങൾ മറകളില്ലാതെ ഈ ഫോണുകൾ ആശയവിനിമയം നടത്താനുപയോഗിച്ചതോടെ പൊലീസിന് ജോലി എളുപ്പമായി.

English Summary: 800 people arrested