വാഷിങ്ടൻ ∙ നീണ്ട 17 വർഷത്തിനു ശേഷം അമേരിക്കയെ വിറപ്പിക്കാനെത്തിയ ചീവീടു കൂട്ടം പ്രസിഡന്റ് ജോ ബൈഡനെയും വെറുതേ വിട്ടില്ല. ജി7 ഉച്ചകോടിക്കായി യൂറോപ്പിലേക്കു പുറപ്പെടാൻ എയർഫോഴ്സ് വൺ വിമാനത്തിൽ കയറാനെത്തിയ ബൈഡൻ, പിൻകഴുത്തിൽനിന്ന് ചീവീടിനെ (സിക്കാഡ) തട്ടിമാറ്റിയ ശേഷം മാധ്യമപ്രവർത്തരോടു പറഞ്ഞു: ചീവിട് പിടിക്കാതെ നോക്കണേ. ഒരെണ്ണം എന്നെ പിടിച്ചു! 

ബൈഡനു മുന്നേ പറക്കേണ്ട മാധ്യമപ്രവർത്തകരുടെ വിമാനത്തിന്റെ എൻജിനിൽ ചീവീടുകൾ കയറിയതിനു പിന്നാലെയായിരുന്നു പ്രസിഡന്റിനെ ചീവീട് പിടിച്ചത്. ആയിരക്കണത്തിന് ചീവീടുകൾ എൻജിനുള്ളിൽ കയറിയിയതോടെ മാധ്യമപ്രവർത്തകരുടെ വിമാനം 5 മണിക്കൂർ വൈകി. 

ചുവന്ന കണ്ണും സുതാര്യമായ ചിറകുകളുമുള്ള ചീവീട് അപകടകാരികളല്ല. ചെടികളുടെ നീര് ഊറ്റിക്കുടിച്ചാണു ജീവൻ നിലനിർത്തുന്നത്. 12 വർഷത്തോളം മണ്ണിനടിയിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ‘പിരിയോഡിക്കൽ സിക്കാഡ’ യുടെ ‘കിരി കിരി’ ശബ്ദശല്യം കാരണം അമേരിക്കയിലെ പതിനഞ്ചോളം സംസ്ഥാനങ്ങളാണു സഹികെട്ടിരിക്കുന്നത്. മുട്ടയിട്ടു കഴിഞ്ഞാൽ ജൂലൈ ആദ്യ ആഴ്ചയോടെ ഇവ ചത്തൊടുങ്ങുമെന്നാണു കരുതുന്നത്. പുതിയ തലമുറയെ കാണണമെങ്കിൽ ഇനി 17 വർഷം കഴിയണം !

English Summary: Cicadas delay White House press plane