വാഷിങ്ടൻ ∙ ചൈനയിലെ വുഹാൻ ലാബിൽ നിന്ന് കൊറോണ വൈറസ് ചോർന്നു എന്ന നിഗമനം വിശ്വാസയോഗ്യമാണെന്നും ഇക്കാര്യം കൂടുതൽ അന്വേഷിക്കേണ്ടതാണെന്നും യു എസിലെ നാഷനൽ ലബോറട്ടറി റിപ്പോർട്ട് നൽകിയിരുന്നു. കൊറോണ വൈറസിന്റെ ഉദ്ഭവം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കലിഫോർണിയയിലെ ലോറൻസ് ലൈവ്​മോർ നാഷനൽ ലബോറട്ടറി 2020 മേയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അതേസമയം, ലാബ് അധികൃതർ പ്രതികരിക്കാൻ വിസമ്മതിച്ചു.

വൈറസിന്റെ ഉദ്ഭവം എങ്ങനെ എന്നു കണ്ടെത്താൻ കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡൻ രഹസ്യാന്വേഷണ ഏജൻസികൾക്കു നിർദേശം നൽകിയിരുന്നു. അതേസമയം, ഇക്കാര്യത്തിൽ യോജിച്ച നിഗമനത്തിലെത്താൻ ഏജൻസികൾക്കു കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ട്രംപ് ഭരണകൂടത്തിന് നൽകിയ റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്തുവന്നത്.

വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ 3 ശാസ്ത്രജ്ഞർക്ക് 2019 നവംബറിൽ അസുഖം ഉണ്ടായെന്നും ചികിത്സ തേടിയെന്നും ട്രംപിന്റെ കാലത്ത് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. വുഹാനിലെ മത്സ്യച്ചന്തയിൽ നിന്നാണ് രോഗം പടർന്നതെന്ന ചൈനയുടെ നിലപാടിനെ തള്ളുന്നതായിരുന്നു ഈ റിപ്പോർട്ട്. ഇക്കാര്യം ചൈന നിഷേധിച്ചിരുന്നു.

Content Highlight: Corona Virus