സിയാറ്റിൽ ∙ ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയിൽ പങ്കാളിയാവാനുള്ള അവസരം ലേലത്തിൽ പോയത് 2.80 കോടി ഡോളറിന് (ഏകദേശം 205.05 കോടി രൂപ). ബഹിരാകാശ യാനമായ ബ്ലൂ ഒറിജിൻ അടുത്ത മാസം നടത്തുന്ന കന്നിയാത്രയിൽ ബെസോസിനൊപ്പം ചേരാനുള്ള ലേലം ശനിയാഴ്ചയാണ് പൂർത്തിയായത്.

ഫോൺ വഴിയുള്ള ലേലം തുടങ്ങി 4 മിനിറ്റിനകം തന്നെ ടിക്കറ്റ് നിരക്ക് 2 കോടി ഡോളറിലേക്കു കുതിച്ചിരുന്നു. വെറും 7 മിനിറ്റിൽ ലേലം കഴിഞ്ഞു. ജേതാവിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.യുഎസിൽ സ്വകാര്യ കമ്പനികൾ വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ബഹിരാകാശ യാത്രകൾക്കു നാന്ദി കുറിച്ചാവും ജൂലൈ 20ന് പടിഞ്ഞാറൻ ടെക്സസിൽ നിന്ന് ന്യൂ ഷെപ്പേഡ് റോക്കറ്റിന്റെ കരുത്തിൽ ബ്ലൂ ഒറിജിൻ കുതിക്കുക. 

ബഹിരാകാശം ലക്ഷ്യമിട്ടുള്ള യാത്രയിൽ വെർജിൻ സ്ഥാപകൻ റിച്ചാർഡ് ബ്രാൻസനെയും ടെസ്‍ല ഉടമ ഇലോൺ മസ്കിനെയും പിന്തള്ളിയാണ് ആമസോൺ സ്ഥാപകനായ ബെസോസുമായി ബ്ലൂ ഒറിജിൻ പറന്നുയരുക. ബഹിരാകാശത്തു നിന്നു ഭൂമിയെ കാണുന്നത് നിങ്ങളെ മാറ്റിമറിക്കുമെന്നായിരുന്നു ലേലത്തിന് ആമുഖമായി ബെസോസിന്റെ വാഗ്ദാനം. സഹോദരൻ മാർക്ക് ബെസോസും ആദ്യ യാത്രയിൽ പങ്കെടുക്കുമെന്ന് ജെഫ് വ്യക്തമാക്കി.

English Summary: Bid of 28 million wins a rocket trip to space with Bezos