മക്ക ∙ ലോകത്ത് കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ഇക്കൊല്ലവും സ്വദേശികൾക്കും രാജ്യത്തു താമസിക്കുന്ന പ്രവാസികൾക്കും മാത്രമായി ഹജ് പരിമിതപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചു. രാജ്യത്തിനു പുറത്തു നിന്നുള്ളവരെ ഒഴിവാക്കിയാണു കഴിഞ്ഞവർഷവും ഹജ് ചടങ്ങുകൾ നടന്നത്. ജൂലൈ പകുതിയോടെ നടക്കുന്ന തീർഥാടനത്തിന് ലോകാരോഗ്യസംഘടനയുടെ കോവിഡ് ചട്ടങ്ങൾ പാലിച്ച് 60,000 പേർക്കാണ് ഇക്കുറി അനുമതി. 

അംഗീകാരമുള്ള കോവിഡ് വാക്സീൻ എടുത്ത, 18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. വിട്ടുമാറാത്ത മറ്റു രോഗങ്ങൾ ഉള്ളവർക്ക് അനുവാദമില്ല. 2 ഡോസ് വാക്സീനും എടുത്തവർ, ഒന്നാം ഡോസെടുത്ത് 14 ദിവസം കഴിഞ്ഞവർ, കോവിഡ് മുക്തരായശേഷം വാക്സിനേഷൻ നടത്തിയവർ എന്നിവർക്കാണ് അവസരം.

കോവിഡിനു മുൻപുള്ള വർഷങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 ലക്ഷത്തിലേറെ പേരാണു ഹജ്ജിനെത്തിയിരുന്നത്. ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമായതിനാലാണു ശക്തമായ നിയന്ത്രണമെന്നു ഹജ് മന്ത്രാലയം അറിയിച്ചു.

Content Highlight: Hajj