ജറുസലം ∙ ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. ഇസ്രയേലിലേക്കു ഗാസയിൽനിന്നു ബലൂൺ ബോംബുകൾ പ്രയോഗിച്ചതിനു പിന്നാലെയാണിത്. ഇരുപക്ഷത്തും ആളപായമില്ലെന്നാണു റിപ്പോർട്ട്. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീൻ യുവതിയെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നു.

സൈനികർക്കു നേരെ കാറോടിച്ചുകയറ്റാൻ ശ്രമിച്ചെന്നും പിന്നീട് കത്തിയെടുത്തെന്നുമാണ് ഇസ്രയേൽ ആരോപണം. അബുദിസിൽനിന്നുള്ള ഇരുപത്തിയൊൻപതുകാരിയാണു കൊല്ലപ്പെട്ടതെന്ന് പലസ്തീൻ അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച തെക്കൻ ജറുസലമിലെ പലസ്തീൻ മേഖലകളിൽ ഇസ്രയേൽ തീവ്രദേശീയവാദികൾ നടത്തിയ പ്രകോപനപരമായ റാലിക്കെതിരെ പലസ്തീൻ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. 1967 ൽ കിഴക്കൻ ജറുസലമിൽ ഇസ്രയേൽ നടത്തിയ അധിനിവേശത്തിന്റെ വാർഷികാഘോഷമായിട്ടാണ് റാലി നടത്തിയത്. ഇതിനെതിരെയുള്ള പ്രതികരണമായിട്ടാണു ഹമാസ് ബലൂണുകളിൽ ഘടിപ്പിച്ച ബോംബുകൾ പ്രയോഗിച്ചത്. ഗാസ അതിർത്തിയോടു ചേർന്ന ഇസ്രയേലിലെ ഒഴിഞ്ഞ സമതലങ്ങളിലാണു അവ വീണത്. പിന്നാലെ ഗാസ മുനമ്പിലെ ഹമാസ് സൈനികകേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രത്യാക്രമണം നടത്തി. കഴിഞ്ഞ മാസം 11 ദിവസം നീണ്ട സംഘർഷത്തിനു വിരാമമിട്ട വെടിനിർത്തൽ കരാറിനു ശേഷം ആദ്യമാണ് ഇസ്രയേൽ ആക്രമണം. ‍

ഞായറാഴ്ച അധികാരമേറ്റ നഫ്താലി ബെനറ്റ് സർക്കാർ നേരിടുന്ന ആദ്യ വെല്ലുവിളി കൂടിയാണിത്. ഇസ്രയേൽ തീവ്രദേശീയവാദികൾ കിഴക്കൻ ജറുസലമിൽ നടത്തിയ പ്രകടനത്തിനിടെ വംശീയ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ വിദേശകാര്യ മന്ത്രി യയ്ർ ലപീദ് അപലപിച്ചു.

English Summary: Israeli airstrikes hit Gaza