ജനീവ ∙ ശീതയുദ്ധത്തിന്റെ ചരിത്രശേഷിപ്പുകൾക്കിടെ ഭിന്നതയുടെ മഞ്ഞുരുക്കാൻ ശ്രമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനു കൈകൊടുത്തു. ജനീവ തടാകക്കരയിലെ ഉച്ചകോടി വേദിയായ ‘വില്ല ല ഗ്രാഞ്ചി’ൽ, പുസ്തകത്തട്ടുകൾ പശ്ചാത്തലമായുള്ള പഴമ നിറ​ഞ്ഞ മുറിയിൽ 2 മണിക്കൂർ ആദ്യഘട്ട ചർച്ചയ്ക്കിരുന്ന ബൈഡനും പുടിനും ഒപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർഗെയ് ലാവ്റോവും ഉണ്ടായിരുന്നു. ഇടവേള കഴിഞ്ഞ്, കൂടുതൽ ഉന്നതഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ചർച്ച രണ്ടാം ഘട്ടത്തിലേക്കു കടന്നത്. 

റഷ്യയെ പ്രാദേശിക ശക്തിയായി താഴ്ത്തിക്കെട്ടുന്ന പതിവ് അമേരിക്കൻ ശൈലിയിൽനിന്നു വഴിമാറി, വൻ ശക്തിയെന്നു വിശേഷിപ്പിച്ചു തന്നെ ബൈഡൻ ചർച്ചയ്ക്കു തുടക്കമിട്ടതു ശ്രദ്ധേയമായി. സമാധാനത്തിന്റെ നഗരമായ ജനീവയിലേക്കു സ്വാഗതമെന്നു പറഞ്ഞായിരുന്നു സ്വിസ് പ്രസിഡന്റ് ഗയ് പാമലിൻ ഇരു നേതാക്കളെയും വരവേറ്റത്. ഹസ്തദാന വേളയിൽ ബൈഡൻ ആദ്യം കൈ നീട്ടി. തുടർന്ന്, ലോകം ഉറ്റുനോക്കുന്ന ചർച്ചയ്ക്കായി ഇരുവരും ബംഗ്ലാവിലേക്കു കയറി വാതിൽചാരി. ചർച്ചയ്ക്കു തൊട്ടുമുൻപ്, മുറിയിൽ അൽപനേരം പ്രവേശനം അനുവദിച്ച റഷ്യ, യുഎസ് മാധ്യമസംഘങ്ങൾ തിരക്കുകൂട്ടിയതും സുരക്ഷാഉദ്യോഗസ്ഥർ ഇടപെട്ടതും ബഹളം സൃഷ്ടിച്ചു. ഉച്ചകോടിക്കിടെ വിരുന്നോ ശേഷം സംയുക്ത മാധ്യമസമ്മേളനമോ ഉണ്ടായിരുന്നില്ല. 

യുക്രെയ്നിലെ ക്രൈമിയ റഷ്യ പിടിച്ചെടുത്തതും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും സമീപകാല ഹാക്കിങ് പരമ്പരകളും ഉൾപ്പെടെ ഒട്ടേറെ വിവാദ വിഷയങ്ങൾ നീറിപ്പുകയുന്നതിനിടെയാണു ബൈ‍ഡനും പുടിനും കാണുന്നത്. റഷ്യയുമായി ബന്ധം തകരാതെ നോക്കാനും സുസ്ഥിരമാക്കാനുമുളള ശ്രമമാണ് ബൈഡന്റേതെന്നാണു വൈറ്റ്‍ഹൗസ് ഉച്ചകോടിയെക്കുറിച്ചു പറഞ്ഞത്. 

രണ്ടാം ലോകയുദ്ധത്തിനു തൊട്ടുപിന്നാലെയാണ് അമേരിക്കയും സോവിയറ്റ് യൂണിയനും (പഴയ റഷ്യ) തമ്മിൽ യുദ്ധസമാന അന്തരീക്ഷമുണ്ടാക്കിയ ‘ശീതയുദ്ധം’ ഉടലെടുത്തത്. ശീതയുദ്ധത്തിന്റെ മേഘങ്ങൾ 1990 കളിൽ സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായതോടെ ഒഴിഞ്ഞെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിട്ടില്ല.

English Summary: Biden and Putin meet in Geneva