ജനീവ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയപ്പോൾ 5 യുഎസ് പ്രസിഡന്റുമാരുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുള്ള റഷ്യൻ പ്രസിഡന്റായി വ്ലാഡിമിർ പുടിൻ. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ജോ ബൈഡൻ – വ്ലാഡിമിർ പുടിൻ കൂടികാഴ്ച നടന്നത്. 

ജൂഡോയിൽ ബ്ലാക്‌ബെൽറ്റുള്ള മുൻ കെജിബി ചാരൻ കൂടിയായ പുടിൻ (68), 2000ൽ ആദ്യമായി റഷ്യൻ പ്രസിഡന്റാകുമ്പോൾ ബിൽ ക്ലിന്റനായിരുന്നു യുഎസ് പ്രസിഡന്റ്. അതേ വർഷം ക്ലിന്റൻ – പുടിൻ കൂടികാഴ്ച നടന്നു. പിന്നീട് നാലു യുഎസ് പ്രസിഡന്റുമാർ കൂടി വന്നു – ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ. അവരിൽ ജോർജ് ഡബ്ല്യു. ബുഷും ബറാക് ഒബാമയും രണ്ടു വട്ടം പ്രസിഡന്റുമാരായി. 2008 –ലായിരുന്നു ബുഷ് – പുടിൻ കൂടികാഴ്ച.

ഒബാമ പ്രസിഡന്റായിരുന്നപ്പോൾ നാലു വർഷം പുടിൻ റഷ്യൻ‌ പ്രധാനമന്ത്രിയായിരുന്നു. എന്നാൽ, 2012ൽ വീണ്ടും പ്രസിഡന്റ് പദവിയിലെത്തിയ പുടിൻ, 2015 ൽ ഒബാമയുമായി കൂടിക്കാഴ്ച നടത്തി. 2017 – ലായിരുന്നു ട്രംപ് – പുടിൻ കൂടികാഴ്ച. 

പുടിന് 16 വർഷം കൂടി ഭരണത്തിൽ തുടരാൻ വഴിയൊരുക്കുന്ന ഭരണഘടനാ ഭേദഗതി കഴിഞ്ഞ വർഷം വൻ ഭൂരിപക്ഷത്തോടെ റഷ്യൻ ജനത അംഗീകരിച്ചിരുന്നു. അധികാരത്തിൽ തുടർന്നാൽ, അടുത്ത 3 അമേരിക്കൻ പ്രസിഡന്റുമാർക്കൊപ്പം കൂടി ചർച്ച നടത്താൻ പുടിൻ ഉണ്ടാകും.

English Summary: Vladimir Putin official meeting with 5 US presidents as Russian president