ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീവ്രപക്ഷക്കാരനും ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹിം റയ്‌സിക്ക് (60) വൻ വിജയം. 2.86 കോടി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1.78 കോടി വോട്ടുകളാണു റയ്‌സി നേടിയത്. മിതവാദി സ്ഥാനാർഥിയായ അബ്ദുൽ നസീർ ഹിമ്മത്തി മൂന്നാം സ്ഥാനത്തായി; 24 ലക്ഷം വോട്ടുകൾ മാത്രം. രണ്ടാമതെത്തിയ തീവ്രപക്ഷക്കാരനായ മൊഹ്‌സിൻ റീസായിക്ക് 33 ലക്ഷം വോട്ടുകളും നാലാം സ്ഥാനാർഥിയായ അമീർഹുസൈൻ ഗാസിസാദിഹ് ഹാഷിമിക്ക് 10 ലക്ഷം വോട്ടുകളും ലഭിച്ചു.

മത്സരരംഗത്തുണ്ടായിരുന്ന 7 പേരിൽ 3 പേർ പിന്മാറിയിരുന്നു. ഓഗസ്റ്റിലാണു പുതിയ പ്രസിഡന്റ് ചുമതലയേൽക്കുക. പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ വിശ്വസ്തനായ റയ്സിക്കെതിരെ മത്സരിക്കാനിറങ്ങിയ മിതവാദികളായ മിക്കവരുടെയും പത്രികകൾ തള്ളിയതിൽ പ്രതിഷേധിച്ചു തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനമുയർന്നിരുന്നു. 

തീവ്രപക്ഷത്തുള്ള മുൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനിജാദും ബഹിഷ്കരണത്തെ പിന്തുണച്ചിരുന്നു. വോട്ടിങ് ശതമാനം 50 ൽ താഴെയാണെന്നാണു റിപ്പോർട്ട്. 1979 നുശേഷം ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടിങ് 73 ശതമാനമായിരുന്നു.

2019 ലാണു റയ്സിയെ ജുഡീഷ്യറി മേധാവിയായി നിയമിച്ചത്. 2017 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും നിലവിലെ പ്രസിഡന്റായ ഹസൻ റൂഹാനിയോടു പരാജയപ്പെട്ടു. നേരത്തേ യുഎസ് റയ്സിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. റയ്സിയുടെ ഓഫിസിലെത്തി റൂഹാനി അഭിനന്ദനം അറിയിച്ചു. എതിർ സ്ഥാനാർഥികളും റയ്സിയെ അനുമോദിച്ചു.

English Summary: Iran president election