സോൾ ∙ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ പ്രത്യക്ഷപ്പെട്ട ചുമരെഴുത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സുരക്ഷാമന്ത്രാലയം നഗരവാസികളുടെ മുഴുവൻ കയ്യക്ഷരം പരിശോധിക്കുന്നു. സെൻട്രൽ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിന് ആതിഥ്യമരുളുന്ന പ്യോങ്യാങ്ങിലെ പ്യോങ്ചൻ ജില്ലയിൽ ഒരു അപാർട്ട്മെന്റിന്റെ ചുമരിലാണ് ഡിസംബർ 22ന് കിമ്മിനെതിരെ അസഭ്യപദങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

എഴുതിയവരെ കണ്ടെത്താൻ പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കാനാണു തീരുമാനം. കിം വിരുദ്ധ ചുമരെഴുത്ത് ഉത്തര കൊറിയയിൽ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. 2018ൽ ഈ കുറ്റത്തിന് ഒരു കേണലിനെ വധിച്ചു.

English Summary: Investigation on Graffiti against Kim Jong Un