അൽമാട്ടി ∙ കസഖ്സ്ഥാൻ സർക്കാർ ജനരോഷത്തിൽ നിലംപതിച്ചെങ്കിലും പ്രക്ഷോഭപാതയിൽ നിന്നു പിന്മാറുന്നില്ല ജനം. വിലനിയന്ത്രണം എടുത്തുകളഞ്ഞതിനെ തുടർന്ന് ഇന്ധനവില ഇരട്ടിയായതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസിനാണ് (എൽപിജി) നിയന്ത്രണം നീക്കിയതുമൂലം കുത്തനെ വില ഉയർന്നത്. ജനകീയ വികാരം മനസ്സിലാക്കിയ പ്രസിഡന്റ് കസിം ജൊമാർട്ട് ടൊകയേവ് വീണ്ടും വില നിയന്ത്രണം ഏർപ്പെടുത്താൻ ഉത്തരവിട്ടു.

രാജ്യത്തു പലയിടത്തും അക്രമം വ്യാപിക്കുകയും സർക്കാർ ഓഫിസുകളിലേക്ക് ആൾക്കൂട്ടം ഇരച്ചുകയറി തീവയ്ക്കുകയും ചെയ്തതിനെ തുടർന്ന് തലസ്ഥാന നഗരമായ നുർ സുൽത്താനിലും സമീപ പ്രവിശ്യകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭകാരികൾ അൽമാട്ടി വിമാനത്താവളം പിടിച്ചു.

അൽമാട്ടിയിൽ ബാങ്കുകളും ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും അക്രമികൾ കൊള്ളയടിച്ചു. അക്രമാസക്തരായ ജനങ്ങൾ മേയറുടെ ഓഫിസിലേക്കു ഇരച്ചുകയറി.  ഏറ്റുമുട്ടലുകളിൽ 137 പൊലീസുകാരടക്കം 190 പേർക്കു പരുക്കേറ്റു.

English Summary: Protest in Kazakhstan against fuel price hike