കാബൂൾ∙ പലായനത്തിന്റെ പരവേശങ്ങൾക്കിടെ കാബൂൾ വിമാനത്താവളത്തിൽ നഷ്ടപ്പെട്ട 2 മാസം പ്രായമുള്ള കുരുന്നിനെ 5 മാസങ്ങൾക്കു ശേഷം ബന്ധുക്കൾക്കു വീണ്ടുകിട്ടി. താലിബാൻ സേന അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനെത്തുടർന്നു രാജ്യം വിടാൻ 5 മക്കളുമായി വിമാനത്താവളത്തിൽ എത്തിയ മിർസ അലി അഹമ്മദിയ്ക്കും ഭാര്യ സുരയ്യക്കും ഇളയ മകൻ സുഹൈലിനെ നഷ്ടപ്പെട്ടത് കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു. വിമാനത്താവളത്തിലെ ഗേറ്റിനു മുന്നിൽ തിക്കിത്തിരക്കിയ ദമ്പതികളുടെ പക്കൽനിന്ന് യുഎസ് സൈനികൻ കുഞ്ഞിനെ മതിലിനു മുകളിലൂടെ ഏറ്റുവാങ്ങുകയായിരുന്നു. അരമണിക്കൂറിനകം മറ്റൊരു വാതിലിലൂടെ അകത്തുകടന്ന ദമ്പതികൾക്കു കുഞ്ഞിനെയോ സൈനികനെയോ കണ്ടെത്താനായില്ല. യുഎസിൽ അഭയം തേടിയ ദമ്പതികളുടെ അന്വേഷണം രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായി.

1. ടാക്സി ഡ്രൈവർ സാഫിയുടെ ഭാര്യ ഫരിമ സുഹൈലിനു കുപ്പിപ്പാൽ കൊടുക്കുമ്പോൾ വിതുമ്പുന്നു. 2. സാഫിയുടെ മകൾ കെയ്നത് സുഹൈലിനെ കെട്ടിപ്പിടിച്ചപ്പോൾ. 3. സാഫിയുടെ വീട്ടിൽ സുഹൈൽ. ‌‌‌‌‌4. സാഫിയെ ചേർത്തു പിടിച്ചു നന്ദി പറയുന്ന സുഹൈലിന്റെ മുത്തച്ഛൻ മുഹമ്മദ് ഖാസിം റസാവി.

ഇതേദിവസം സഹോദരന്റെ കുടുംബത്തെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയ കാബുളിലെ ടാക്സി ഡ്രൈവർ ഹമീദ് സാഫി (29) വിമാനത്താവള പരിസരത്തു കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു. ആൺകുഞ്ഞില്ലാതെ സങ്കടപ്പെട്ട സാഫിയുടെ മകനായി മുഹമ്മദ് ആബിദ് എന്ന പുതിയ പേരിൽ 3 പെൺമക്കൾക്കൊപ്പം അവൻ വളർന്നു.

‌കുഞ്ഞിനെ കാണാതായ വാർത്തകൾ ശ്രദ്ധയിൽപെട്ട സാഫിയുടെ അയൽവാസികൾ സംശയം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഇതറിഞ്ഞ അഹമ്മദി അഫ്ഗാനിസ്ഥാനിലുള്ള ഭാര്യാപിതാവ് മുഹമ്മദ് ഖാസിം റസാവി (67)ക്ക് വിവരം നൽകി. വടക്കുകിഴക്കൻ ഗ്രാമമായ ബദാക്‌ഷാനിൽ നിന്ന് 2 രാത്രിയും 2 പകലും യാത്രചെയ്ത് കാബുളിലെത്തിയ അദ്ദേഹം സാഫിയെ കണ്ടെത്തിയെങ്കിലും കുഞ്ഞിനെ മടക്കിക്കൊടുക്കാൻ അയാൾ വിസമ്മതിച്ചു. തുടർന്നു താലിബാൻ പൊലീസിന്റെ സഹായത്തോടെയാണ് ഒത്തുതീർപ്പുണ്ടായത്. 5 മാസം കുഞ്ഞിന്റെ സംരക്ഷണത്തിനു ചെലവായ ഒരു ലക്ഷം അഫ്ഗാനി (ഏകദേശം 950 ഡോളർ) സാഫിക്കു നൽകിയ ശേഷമാണ് കുഞ്ഞിനെ ഏറ്റെടുത്തത്.

English Summary: Baby lost in chaos of Afghanistan airlift found, returned to family after long ordeal