വാഷിങ്ടൻ ∙ ഉള്ളു തൊടുന്ന വാക്കും ജീവിതവും കൊണ്ട് പ്രചോദിപ്പിച്ച പ്രിയ എഴുത്തുകാരി മായ ആഞ്ചലോയ്ക്ക് അമേരിക്കയുടെ സ്നേഹമുദ്ര. യുണൈറ്റഡ് സ്റ്റേറ്റ്സ് മിന്റ് പുറത്തിറക്കുന്ന ആദ്യ ക്വാർട്ടർ ഡോളർ നാണയത്തിന്റെ ഒരുവശത്ത് മുദ്രണം ചെയ്തിരിക്കുന്നത് മായയുടെ ചിത്രമാണ്. നാണയത്തിൽ മുദ്രണം ചെയ്യപ്പെടുന്ന ആദ്യത്തെ  ആഫ്രിക്കൻ അമേരിക്കൻ വംശജ കൂടിയാണ് മായ.

‘ഐ നോ വൈ ദ് കേജ്‍ഡ് ബേർഡ് സിങ്സ്’ എന്ന അസാധാരണ ആത്മകഥയിലൂടെ വായനക്കാർക്കു പ്രിയങ്കരിയായ മായ, ബിൽ ക്ലിന്റൻ യുഎസ് പ്രസിഡന്റായി അധികാരമേറ്റ വേളയിൽ (1992) ചൊല്ലിയ ‘ഓൺ ദ് പൾസ് ഓഫ് ദ് മോണിങ്’ എന്ന കവിതയും പ്രശസ്തമാണ്. കവിയായും പൗരാവകാശ പോരാളിയായും കേബിൾ കാർ കണ്ടക്ടറായും ബ്രോഡ്‌വേ താരമായും നർത്തകിയായും തലമുറകൾക്കു പ്രചോദനമായ അവർ 2014 ൽ 86–ാം വയസ്സിൽ അന്തരിച്ചു. 

ചൈനീസ് അമേരിക്കൻ വംശജയായ ആദ്യ ഹോളിവുഡ് താരം അന്ന മേ വോങ്, ശാസ്ത്രജ്ഞയും ഗഗനചാരിയുമായ ഡോ. സാലി റൈഡ്, നേറ്റീവ് അമേരിക്കൻ ആക്ടിവിസ്റ്റ് വിൽമ മാൻകില്ലർ, വനിതാ വോട്ടവകാശ പ്രവർത്തക നിന ഓട്ടെറോ വാറൻ തുടങ്ങിയവരും നാണയങ്ങളിൽ മുദ്രണം ചെയ്യപ്പെടും.

English Summary: Poet Maya Angelou becomes first Black woman to appear on US coin