വാഷിങ്ടൻ ∙ വർധിച്ചുവരുന്ന വെടിവയ്പ് അക്രമങ്ങളെ തുടർന്ന് തോക്കു നിയന്ത്രണത്തിനായി മുറവിളി ഉയരുന്നതിനിടെ, പൊതുസ്ഥലത്ത് തോക്കുകൾ കൊണ്ടുപോകാനുള്ള അവകാശം യുഎസ് സുപ്രീം കോടതി വിപുലമാക്കി. ന്യൂയോർക്ക്, ലൊസാഞ്ചലസ്, ബോസ്റ്റൻ എന്നീ പ്രധാന നഗരങ്ങളുൾപ്പെടെ യുഎസിലെങ്ങും ആളുകൾക്ക് നിയമവിധേയമായി തോക്കുകൾ കൊണ്ടുപോകാൻ ഇനി എളുപ്പമാകും. 

6–3 ഭൂരിപക്ഷ വിധി എഴുതിയത് ജസ്റ്റിസ് ക്ലാരൻസ് തോമസാണ്. സ്വയരക്ഷയ്ക്കായി വീടിനു വെളിയിൽ തോക്ക് കൊണ്ടുപോകാൻ പൗരന് യുഎസ് ഭരണഘടന അവകാശം നൽകുന്നുണ്ടെന്ന് വിധിയിൽ പറയുന്നു. തോക്ക് ലൈസൻസ് ലഭിക്കുന്നതിനായി ആവശ്യം വ്യക്തമാക്കണമെന്ന ന്യൂയോർക്ക് നിയമം കോടതി റദ്ദാക്കുകയും ചെയ്തു. കലിഫോർണിയ, ഹവായ്, മേരിലാൻഡ്, മാസച്യുസിറ്റ്സ്, ന്യൂജഴ്സി, റോഡ് ഐലൻഡ് എന്നിവിടങ്ങളിലും സമാന നിയമം ഉണ്ട്. ന്യൂയോർക്ക് നിയമത്തിന് അനുകൂലമാണ് ബൈഡൻ ഭരണകൂടം. സുപ്രീം കോടതി ഉത്തരവിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്. ഇതേസമയം, തോക്ക് നിയന്ത്രണ നിയമം സെനറ്റിന്റെ പരിഗണനയിലാണ്. കടുത്ത എതിർപ്പ്  നേരിടുന്ന ബില്ലിൽ വോട്ടെടുപ്പ് ഇന്നു നടന്നേക്കും.

English Summary: US supreme court makes gun usage liberal