ലഹോർ ∙ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ സജിദ് മജീദ് മിറിനെ (44) ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകിയതിനു പാക്കിസ്ഥാൻ കോടതി 15 വർഷം തടവിനു ശിക്ഷിച്ചു. ഇയാൾ ജീവിച്ചിരിപ്പില്ലെന്നായിരുന്നു പാക്കിസ്ഥാൻ അവകാശവാദം. എന്നാൽ, തെളിവു ഹാജരാക്കാൻ പാശ്ചാത്യരാജ്യങ്ങൾ ആവശ്യപ്പെട്ടതോടെയാണു കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റ് ചെയ്തു ഭീകരവിരുദ്ധ കോടതിയിൽ വിചാരണ നടത്തിയത്.

ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം ലഭിക്കുന്ന സ്രോതസ്സുകൾ തടയാത്തതിനു രാജ്യാന്തര സമിതിയായ എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ്) പാക്കിസ്ഥാനെ വിലക്കുപട്ടികയിൽ പെടുത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാനു രാജ്യാന്തര നാണ്യനിധിയിൽ (ഐഎംഎഫ്) നിന്ന് അടക്കം വിദേശ വായ്പകൾ ലഭിക്കുന്നതിനു ഈ വിലക്ക് തടസ്സമായിരുന്നു.

പാരിസ് ആസ്ഥാനമായ എഫ്എടിഎഫിന്റെ അടുത്ത ഘട്ട പരിശോധന വരാനിരിക്കെയാണു ലഷ്കറെ തയിബ ഭീകരനായ മിറിനു ലഹോറിലെ കോടതി തടവു ശിക്ഷ വിധിച്ചത്. രഹസ്യവിചാരണയായതിനാൽ മാധ്യമങ്ങൾക്കു കോടതിയിൽ പ്രവേശനമുണ്ടായിരുന്നില്ല. കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റിലായതിനുശേഷം മിറിനെ ലഹോറിലെ കോട്ട് ലഖ്പത് ജയിലിലാണു പാർപ്പിച്ചിരുന്നത്.

6 യുഎസ് പൗരന്മാർ അടക്കം 166 പേർ കൊല്ലപ്പെട്ട 2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കു പുറമേ യുഎസും തിരയുന്ന മിറിനെ സംരക്ഷിക്കുന്നുവെന്ന പേരിലാണു കഴിഞ്ഞ വർഷവും എഫ്എടിഎഫ് പാക്കിസ്ഥാനെ വിലക്കു പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ വിസമ്മതിച്ചത്.

English Summary: Pakistan quietly jails ‘dead’ 26/11 LeT handler Sajid Mir for over 15 years in terror financing case