ഹർകീവ് ∙ യുക്രെയ്ൻ അധിനിവേശത്തിന്റെ ലക്ഷ്യം വിപുലപ്പെടുത്തിയ റഷ്യ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ ആക്രമണം ശക്തമാക്കി. ജനവാസ മേഖലയിൽ നടന്ന ഷെല്ലാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 23 പേർക്കു പരുക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം പിടിച്ച ശേഷമാണ് തെക്കൻ പ്രദേശങ്ങളിൽ ഇടയ്ക്കിടെയുള്ള ആക്രമണം. ബാരാബഷോവോ വ്യാപാരകേന്ദ്രത്തിൽ ക്ലസ്റ്റർ ബോംബുകൾ ഇട്ടതായി മേഖലാ ഗവർണർ അറിയിച്ചു. തെക്കൻ യുക്രെയ്നിലെ മൈക്കലോവ് നഗരത്തിലും റഷ്യൻ ഷെൽ വർഷമുണ്ടായി.

പാശ്ചാത്യരാജ്യങ്ങൾ നൽകിയ വിനാശകരമായ ആയുധങ്ങൾ റഷ്യയ്ക്കെതിരെ പ്രയോഗിക്കപ്പെടാവുന്ന യുക്രെയ്ൻ പ്രദേശങ്ങളുടെയെല്ലാം നിയന്ത്രണം സ്വന്തമാക്കുംവരെ ആക്രമണം തുടരുമെന്ന് വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‍റോവ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഇതേസമയം, അറ്റകുറ്റപ്പണികൾക്കായി ഈ മാസം 11ന് അടച്ച നോർഡ് സ്ട്രീം 1 പൈപ്‍ലൈനിലൂടെ വാതക വിതരണം റഷ്യ പുനരാരംഭിച്ചു.

Content Highlight: Ukraine, Russia