കീവ് ∙ യുക്രെയ്നിൽനിന്ന് 170 കിലോമീറ്റർ അകലെ ക്രൈമിയൻ ഉപദ്വീപിലെ സെവസ്റ്റോപോൾ നഗരത്തിലെ റഷ്യൻ നാവികസേനയുടെ കരിങ്കടൽ വ്യൂഹത്തിന്റെ ആസ്ഥാനത്ത് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ പൊട്ടിത്തെറിച്ച് 6 പേർക്കു പരുക്കേറ്റു. 2014ൽ റഷ്യ പിടിച്ചെടുത്ത പ്രദേശമാണിത്. എവിടെനിന്നാണ് ഡ്രോൺ എത്തിയതെന്നു വ്യക്തമല്ല.

ഇതേസമയം, യുക്രെയ്നിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കി. മൈക്കലോവിൽ ഷെല്ലാക്രമണത്തിൽ യുക്രെയ്നിലെ ഏറ്റവും സമ്പന്നനും ധാന്യ കയറ്റുമതി മേഖലയിലെ പ്രമുഖ കമ്പനിയായ നിബുലോനിന്റെ ഉടമയുമായ ഒലക്സി വദതുർസ്കിയും ഭാര്യയും കൊല്ലപ്പെട്ടതായി മേയർ വിറ്റാലി കിം അറിയിച്ചു. വടക്കൻ യുക്രെയ്നിൽ റഷ്യ അതിർത്തിയിലെ സുമി മേഖലയിൽ ഷെല്ലാക്രമണത്തിൽ ഒരാൾ മരിച്ചു. കടുത്ത പോരാട്ടം തുടരുന്ന ഡോണെറ്റ്സ്ക് മേഖലയിൽ 3 പേർ കൊല്ലപ്പെട്ടു.

ഒലേനിവ്ക ജയിൽ കോംപ്ലക്സിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിനു കാരണം പുറത്തുനിന്നുള്ള അക്രമമല്ലെന്ന് പ്രസിഡന്റ് സെലൻസ്കിയുടെ ഉപദേശകൻ മൈക്കലോ പൊഡോലിയാക് ആരോപിച്ചു. ആക്രമണത്തിനു മുൻപും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങൾ തെളിവായി പുറത്തുവിടുകയും ചെയ്തു. സ്ഫോടനത്തിൽ 53 യുക്രെയ്ൻകാരായ യുദ്ധതടവുകാർ കൊല്ലപ്പെട്ടിരുന്നു. റഷ്യയുടെ നിയന്ത്രണത്തിലാണ് ഈ ജയിൽ കോംപ്ലക്സ്. യുക്രെയ്ൻ ആക്രമണത്തിലാണ് സ്ഫോടനമെന്നാണ് റഷ്യ പറയുന്നത്.

English Summary: Drone explosion hits Russia's Black Sea Fleet headquarters