മനില ∙ ഫിലിപ്പീൻസിലെ മുൻ പ്രസിഡന്റും 1986ലെ ജനാധിപത്യ പ്രക്ഷോഭ നേതാവുമായിരുന്ന ഫിഡൽ വാൽഡസ് റാമോസ് (94) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു.

ഏകാധിപതി ഫെർഡിനാന്റ് മാർക്കോസിന്റെ പൊലീസ് സേനാ മേധാവി ആയിരുന്ന റാമോസ് 1986ൽ കൂറുമാറി പ്രക്ഷോഭകർക്കൊപ്പം ചേരുകയായിരുന്നു. മാർക്കോസിനെ അട്ടിമറിച്ചു ഭരണത്തിലെത്തിയെ കൊറാസൻ അക്വീനോയുടെ സൈനിക മേധാവിയും പ്രതിരോധ സെക്രട്ടറിയും ആയിരുന്ന റാമോസ് 1992 തിരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രസിഡന്റായി. 

1998ൽ സ്ഥാനമൊഴിയുംവരെ രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹമെടുത്ത നടപടികൾ കൊണ്ട് ‘സ്റ്റെഡി ടെഡി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുൻ വിദേശകാര്യ സെക്രട്ടറിയുടെ മകനായ റാമോസ് വെസ്റ്റ് പോയിന്റിലെ യുഎസ് മിലിറ്ററി അക്കാദമിയിൽ പഠനം പൂർത്തിയാക്കി കൊറിയൻ, വിയറ്റ്നാം യുദ്ധങ്ങളിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. 

ഭാര്യ അമെലിറ്റ് മിങ് റാമോസ് പ്രമുഖ പരിസ്ഥിതി പ്രവർത്തകയാണ്. നാലു പെൺമക്കളുണ്ട്. മകൻ ജോ റാമോസ് സമരിറ്റീനോ 2011ൽ മരിച്ചു.

English Summary: Ramos, ex-Philippine leader dies