ജറുസലം ∙ ചാവേർ സ്ഫോടനത്തിൽ പരുക്കേറ്റ് 22 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ ഇസ്രയേൽ വനിത ഹന നച്ചൻബർഗ് (53) മരിച്ചു. ചാവേറാക്രമണത്തിലെ മരണം ഇതോടെ 16 ആയി. 

2001 ഓഗസ്റ്റ് 9നു 3 വയസ്സുള്ള മകൾക്കൊപ്പം ജറുസലമിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവിടേക്കു കയറിവന്ന പലസ്തീൻ ചാവേർ സ്വയം പൊട്ടിത്തെറിച്ചത്. മകൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

സ്ഫോടനത്തിന്റെ സൂത്രധാരയായ പലസ്തീൻ യുവതി അഹ്‌ലം തമിമിയെ ഇസ്രയേൽ അറസ്റ്റ് ചെയ്തു ‌16 ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഹമാസുമായുള്ള തടവുകാരെ കൈമാറ്റൽചെയ്യൽ കരാർ പ്രകാരം 2011 ൽ തമിമിയെ മോചിപ്പിച്ചു. ഇവർ ജോർദാനിലാണ് ഇപ്പോൾ താമസിക്കുന്നത്. തമിമിയെ യുഎസിലെ വിചാരണയ്ക്കു വിട്ടുകിട്ടാനായി ജോർദാനുമേൽ കടുത്ത സമ്മർദം ഇപ്പോഴുമുണ്ട്. അന്ന് കൊല്ലപ്പെട്ട യുഎസ് വംശജയായ പെൺകുട്ടിയുടെ മാതാപിതാക്കളാണ് ഈ കേസ് നടത്തുന്നത്.

English Summary : Israel women injured in the explosion died after 22 years