കെയ്റോ (ഈജിപ്ത്) ∙ ഈജിപ്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടൽ തീരത്തെ ഹർഗാദയിൽ കടലിലിറങ്ങിയ റഷ്യൻ യുവാവ് കടുവസ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഏതാനും മാസങ്ങൾക്കു മുൻപ് ഇവിടേക്കു താമസം മാറിയ വ്ലാഡിമിർ പോപോവിനെയാണ് (23) പിതാവും കൂട്ടുകാരിയും നോക്കിനിൽക്കെ സ്രാവ് കൊന്നുതിന്നത്. 

പോപോവും കൂട്ടുകാരിയും കടലിൽ നീന്തുന്നതിനിടെയാണ് സ്രാവ് ഇവരെ ലക്ഷ്യമിട്ടെത്തിയത്. കൂട്ടുകാരി രക്ഷപ്പെട്ടു. സഞ്ചാരികൾ ചിത്രീകരിച്ച വിഡിയോയിൽ യുവാവ് കരയിൽ നിൽക്കുന്ന പിതാവിനെ നോക്കി പപ്പാ എന്നു നിലവിളിക്കുന്നതും പിതാവ് സഹായത്തിനായി വാവിട്ടുകരയുന്നതും കേൾക്കാം. പലവട്ടം നീന്തിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സ്രാവ് പോപോവിനെ വെള്ളത്തിനടിയിലേക്ക് വലിച്ചുതാഴ്ത്തി. 

പിന്നാലെ, ബോട്ടിലെത്തിയ മീൻപിടുത്തക്കാർ സ്രാവിനെ പിടികൂടി കൊന്നു. സുരക്ഷിതമായ ഇടം തേടിയെത്തിയ ഗർഭിണിയായ സ്രാവ് ആണ് ആക്രമണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ ഇവിടെ 2 സ്ത്രീകൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 

English Summary : Young Russian man eaten by shark on shores of Red Sea