പാലക്കാടിന്റെ ദൃശ്യഭംഗിയിൽ പാചകം ചെയ്യുന്ന ഫിറോസിന്റെ വിഡിയോകൾക്ക് നിരവധി ആരാധകരാണ്.  ഒരു ചിക്കൻ മുഴുവനായി ചുട്ടെടുക്കുന്ന വിഡിയോയ്ക്ക് നിരവധി ആരാധകരാണ്.

കോഴി മുഴുവനോടെ വൃത്തിയാക്കി വരഞ്ഞ്, അരപ്പ് പുരട്ടി...വാഴയിലയിൽ പൊതിഞ്ഞ്, കരിമണ്ണ് അല്ലെങ്കിൽ കളിമണ്ണ് അര ഇഞ്ച് കനത്തിൽ തേച്ച്  ഒന്നര മണിക്കൂർ  കനലിൽ ചുട്ടെടുത്ത കോഴി!

തയാറാക്കുന്ന വിധം

കോഴി തൊലി കളഞ്ഞ് നന്നായി വ‍ൃത്തിയാക്കി, വരഞ്ഞു വയ്ക്കണം. മസാല തയാറാക്കാൻ മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി,മഞ്ഞൾപ്പൊടി, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്,  ഉപ്പ്  എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് അൽപം വെളിച്ചെണ്ണയും ഒഴിച്ച് യോജിപ്പിച്ച്  ചിക്കനിൽ പുരട്ടി കൊടുക്കണം. ചിക്കന് ഉള്ളിലും മസാല പുരട്ടിക്കൊടുക്കണം. കുറച്ചു മല്ലിയില  ചിക്കനകത്തും പുറത്തും നിറയ്ക്കാം. ഇത് വാഴയിലയിൽ പൊതിയണം. രണ്ടു വാഴയിലയിൽ പൊതിഞ്ഞെടുത്ത് അലുമിനിയം ഫോയിലിൽ നന്നായി പൊതിഞ്ഞെടുക്കാം. പാലക്കാടൻ കരിമണ്ണ് അൽപം വെള്ളം ഒഴിച്ച് കുഴച്ചെടുത്ത് ചിക്കൻ പൊതിയിൽ ഒരിഞ്ച് കനത്തിൽ തേച്ചു പിടിപ്പിക്കണം, ഒരു പാട് കനത്തിൽ മണ്ണ് തേച്ചാൽ ചിക്കൻ വേകില്ല!.

വിറകിട്ട് തീ കത്തിച്ച്  ചിക്കൻ വച്ച് മുകളിൽ നന്നായി കത്തിക്കണം, മണ്ണ് ഉണങ്ങുന്നതാണ് വേകുന്നതിന്റെ പാകം. ഒന്നര മണിക്കൂറോളം തീയിൽ കിടന്നാൽ ഇത് വെന്തു കിട്ടും. തീയിൽ നിന്നും മാറ്റി തല്ലിപ്പൊട്ടിച്ചെടുക്കാം. ഉള്ളിൽ നല്ല അസ്സൽ  ആവി പാറുന്ന കോഴി, മസാലയൊക്കെ നന്നായി പിടിച്ച് റെഡി.  അൽപം സമയം എടുക്കുമെങ്കിലും കിടിലൻ വിഭവമാണിത്. ഫിറോസിന്റെ വാക്കുകളിൽ ‘നല്ല അടിപൊളി സംഭവമാണ്, സമയമെടുക്കും, പറ്റുവാണെങ്കിൽ ഉണ്ടാക്കി നോക്കുക.അസാധ്യ രുചിയാണ്...’