മസാല പൊടികൾ വാരിക്കോരി ഇടാതെ അസ്സൽ കുടുക്കാച്ചി ബിരിയാണിരുചി പരിചയപ്പെടുത്തുകയാണ് ഫുഡ് വ്ലോഗർ ഫിറോസ്.

ചേരുവകൾ

ചിക്കൻ – 2 ½ കിലോ

സവാള, തക്കാളി, ബദാം, പാൽ , കുങ്കുമപ്പൂവ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ഉപ്പ്, കട്ടത്തൈര്, ഇഞ്ചി –വെളുത്തുള്ളി ചതച്ചത്, പച്ചമുളക് ചതച്ചത്, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കറുവ ഇല, ബസ്മതി റൈസ്, എണ്ണ, നെയ്യ് , വെള്ളം, നാരങ്ങാ നീര് , മൈദ (ദം വയ്ക്കാൻ), പുതിന ഇല, മല്ലിയില, അണ്ടിപ്പരിപ്പ്.

തയാറാക്കുന്നത്

കഷണങ്ങളാക്കിയ (വലിയ കഷണം) ഇറച്ചി മൂന്ന് നാല് പ്രാവശ്യം കഴുകി അതിൽ കുറച്ച് മഞ്ഞൾപ്പൊടിയും  മുളകുപൊടിയും ഗരംമസാലയും പാകത്തിന് ഉപ്പും കട്ടത്തൈരും ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് ചതച്ചതും കൂടി നന്നായി യോജിപ്പിച്ച് അര–മുക്കാൽ മണിക്കൂർ നേരം വയ്ക്കുക. 

അതിനുശേഷം ഒരു പാത്രത്തിൽ അരഭാഗത്തോളം വെള്ളം ഒഴിച്ച് അതിൽ പട്ട ഗ്രാമ്പൂ ഏലയ്ക്ക േബ ലീവ്സ് എന്നിവ ഇട്ട്  തിളപ്പിക്കുക. ഈ സമയം ബസ്മതി റൈസ് കഴുകി പത്ത് മിനിറ്റ്  കുതിരാൻ വയ്ക്കുക. അതിനുശേഷം തിളച്ച വെള്ളത്തിലേക്ക് കഴുകി കുതിര്‍ന്ന അരി ഇട്ട് അതിലേക്ക് കുറച്ച് എണ്ണയും (ചോറ് ഒട്ടാതിരിക്കാൻ) ഉപ്പും ചേർത്ത് വേവിക്കുക. പാതി വേവാണ് പാകം. പാത്രം അടച്ചു വയ്ക്കാതെ വേണം വേവിക്കാൻ. രണ്ടു മിനിറ്റ് ശേഷം ചോറ് അടുപ്പിൽ നിന്ന് വാങ്ങി ഊറ്റി വേറൊരു പാത്രത്തിൽ വയ്ക്കുക.

ഇനി അടുപ്പിലേക്ക് മൺ കുടുക്ക വച്ച് അല്പം നെയ്യും ഓയിലും കൂടി ഒഴിച്ച് കുറച്ച് സവാള അരിഞ്ഞത് ഇട്ട് ഇളക്കുക. കുറച്ച് ഉപ്പ് ചേർക്കുക. ഉള്ളി നല്ലതുപോലെ വഴന്ന ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റുക. ഇനി മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ഇട്ടു കൊടുക്കുക. അഞ്ചു മിനിറ്റ് നേരം നന്നായി ഇളക്കി കൊടുക്കുക. ചിക്കന്‍ പകുതി വെന്തശേഷം അടുപ്പിൽ നിന്നിറക്കി  ആദ്യം പകുതി ചോറ് ഇതിന്റെ മുകളിൽ ഇടുക. അതിനുശേഷം അല്പം പുതിന ഇല, അല്പം മല്ലിയില, അല്പം നെയ്യ് കുറച്ച് ഗരംമസാല പാലിൽ കുങ്കമപ്പൂ കലക്കിയത് അല്പം നാരങ്ങ നീര് കുറച്ച് അണ്ടിപ്പരിപ്പ് കുറച്ച് ഉള്ളി വറുത്തത് കുതിർത്ത് അരച്ചെടുത്ത ബദാം എന്നിവ ഇട്ട് ശേഷം അതിന്റെ മേലെ കുറച്ച് ചോറ്  ഇടുക വീണ്ടും അതിന്റെ മീതെ അല്പം പുതിന ഇല, അല്പം മല്ലിയില, അല്പം നെയ്യ് കുറച്ച് ഗരംമസാല പാലിൽ കുങ്കമപ്പൂ കലക്കിയത് അല്പം നാരങ്ങ നീര് കുറച്ച് അണ്ടിപ്പരിപ്പ് കുറച്ച് ഉള്ളി വറുത്തത് കുതിർത്ത് അരച്ചെടുത്ത ബദാം എന്നിവ വീണ്ടും ഇട്ട് അതിന്റെ മേലെ ഒരു വാഴയില ഇട്ട് ദം ചെയ്തെടുക്കുക. കുടുക്കയുടെ വക്കിൽ മൈദമാവ് കുഴച്ച് ചുറ്റിവച്ച് അര –മുക്കാൽ മണിക്കൂർ നേരം വച്ച്  ദം ചെയ്തെടുക്കാം. കുടുക്കാച്ചി ചിക്കൻ ബിരിയാണി റെഡി. 

English Summary: Kudukkachi Chicken Biryani, Rcipe by  Food Vlogger Firoz