ന്യൂജെൻ യൂട്യൂബ് താരങ്ങൾ ഒക്കെ വരുന്നതിനു മുൻപേ പാചകമേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ലക്ഷ്മി നായർ. ആയിരക്കണക്കിന് വേദികൾ, രുചികരമായ വിഭവങ്ങൾ...ഇപ്പോൾ 'ലക്ഷ്മിനായർ വ്ലോഗ്സ്' എന്ന ചാനലിലൂടെ പുതിയ തലമുറയുമായും അവർ സംവദിക്കുന്നു. പാചകം, കരിയർ, ന്യൂജെൻ...ലക്ഷ്മി നായർ മനസ്സ് തുറക്കുന്നു..

പാചകത്തിന്റെ 'നിയമ'ങ്ങൾ...

ഒരുപാട് പേരെന്നോടു ചോദിക്കാറുണ്ട്: ഞാൻ എങ്ങനെയാണ് ഈ ഭക്ഷണത്തിന്റെ മേഖലയിലേക്ക് കടന്നു വന്നതെന്ന്.. കാരണം ഞാൻ നിയമം ആണ് പഠിച്ചത്. സാധാരണ നിയമവും ഭക്ഷണവും തമ്മിൽ ചേർന്നു പോകാത്തതാണ്. പക്ഷേ ചെറുപ്പം മുതലേ എനിക്ക് കുക്കിങ്ങിനോട് ഒരു പാഷന്‍ ഉണ്ടായിരുന്നു. മുതിർന്നവർ എങ്ങനെ ഭക്ഷണം ഉണ്ടാക്കുന്നു എന്നറിയാനുള്ള കൗതുകം ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തേ ഞാൻ അടുക്കളയിൽ കയറി ഭക്ഷണം തയാറാക്കുമായിരുന്നു. പിന്നീട് പുസ്തകം വായിക്കുന്ന അതേ ഇഷ്ടം പാചകപുസ്തകങ്ങളോടും തോന്നിത്തുടങ്ങി. നമ്മൾ ഒരു കാര്യം ഭയങ്കര മായിട്ട് ഇഷ്ടപ്പെട്ടാൽ നമ്മൾ അതിലേക്ക് എത്തപ്പെടും എന്നു പറയാറില്ലേ അങ്ങനെ സംഭവിച്ചതായിരിക്കണം. 

ഞാൻ പാചകം ചെയ്തതിൽ വച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ അത് എനിക്ക് പറയാൻ കഴിയില്ല. കാരണം അമ്മമാർക്ക് എല്ലാ മക്കളോടും ഒരുപോലെ സ്നേഹമല്ലേ. അതുപോലെയാണ് ഞാൻ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ കാര്യവും. രണ്ടായിരത്തിലധികം വിഭവങ്ങൾ ഇതിനോടകം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ഈ ഫീൽഡിലേക്ക് ആദ്യമായി വന്നപ്പോൾ ചെയ്ത വിഭവം ബട്ടർ ചിക്കനും ബട്ടൻ നാനും ആണ്. തന്തൂരി അടുപ്പൊന്നും ഇല്ലാതെ തവയിൽ വച്ച് ചെയ്തതാണത്. ഓർമയിൽ ആ വിഭവത്തിനു പ്രത്യേക സ്ഥാനമുണ്ട്.

ന്യൂജെൻ അടുക്കളകൾ സജീവമാകണം...
ഇപ്പോൾ മൊബൈലിൽ വിരലമർത്തിയാൽ ആഗ്രഹിക്കുന്ന ഭക്ഷണം വാതിലിൽ കിട്ടുന്ന കാലമാണ്. അതുകൊണ്ടുതന്നെ നമ്മൾ കുറച്ചു മടിയുള്ളവരായി മാറി. ഈ സൗകര്യങ്ങളെല്ലാം നല്ലതാണ്. പക്ഷേ അത്യാവശ്യഘട്ടങ്ങളിൽ മാത്രം (വയ്യാതെ ഇരിക്കുമ്പോഴോ, ഒരുപാട് അതിഥികൾ വരുമ്പോഴോ...) ഉപയോഗിക്കുന്നതാണ് നല്ലത്. അതൊരു ശീലമാക്കരുത്.

ഒരു വീടിന്റെ ഐശ്വര്യം എന്നു പറയുന്നത് അടുക്കളയാണ്. നമ്മുടെ അടുക്കള ഒരിക്കലും പൊടിപിടിച്ച് കിടക്കരുത്. പാത്രങ്ങളൊക്ക െവറും അലങ്കാര വസ്തുക്കളായി മാറരുത്. വീട്ടിലെ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും മക്കളും എല്ലാവരും കൂട്ടായി എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ കുക്ക് ചെയ്ത്  അടുക്കള എപ്പോഴും സജീവമായി വയ്ക്കാൻ ശ്രമിക്കുക. 

നമ്മള്‍ ജോലി ചെയ്യുന്നത് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണത്തിനും കൂടി വേണ്ടിയാണ്. അപ്പോൾ അതിന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കണം.പാചകം പഠിപ്പിക്കാൻ കഴിയില്ല. പരിശീലനത്തിലൂടെ സ്വയം പഠിച്ചെടുത്ത് എസ്പെർട്ടാകാൻ കഴിയുന്ന മേഖലയാണിത്. അതുകൊണ്ട് ന്യൂജെൻ കുട്ടികൾ പാചകം പഠിക്കണം. ജീവിതത്തിൽ നേടുന്ന നല്ല ഒരു നിക്ഷേപമാണിത്. എല്ലാവർക്കും നന്നായി പാചകം ചെയ്യാൻ പറ്റും. ഒരുപാട് പേർ ഈ മേഖലയിലേക്ക് വരണം എന്നാണ് എനിക്ക് പറയാനുള്ളത്. 

English Summary: Video Chat with Culinary Queen Lakshmi Nair