പത്തു ദിവസം കൊണ്ട് നല്ല രസികൻ വൈൻ എങ്ങനെ തയാറാക്കാമെന്നു പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.


ചേരുവകൾ

1. പഴം (നന്നായി പഴുത്ത പാളയം കോടൻ) – 10 എണ്ണം വലുത്
2. പഞ്ചസാര – 1 കിലോ
3. യീസ്റ്റ് – 1 ടീസ്പൂൺ
4. തിളപ്പിച്ചാറിയ വെള്ളം – 1 ലിറ്റർ

തയാറാക്കുന്ന വിധം

നന്നായി പഴുത്ത പാളയം കോടൻ പഴം വട്ടത്തിൽ മുറിക്കുക വേണമെങ്കിൽ ഒന്നു കൂടി ചെറുതായി അരിയുക. അതിനു ശേഷം ഒരു ഭരണിയിലേക്ക് ഒരു കപ്പ് പഞ്ചസാര ഇടുക അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പകുതി പഴം ഇടുക വീണ്ടും കുറച്ച് പഞ്ചസാര ഇടുക അതിനുമേലെ വീണ്ടും പഴം ഇടുക അങ്ങനെ ഒരു കപ്പ് പഞ്ചസാര മാറ്റിവച്ചിട്ട് ബാക്കി മുഴുവൻ പഞ്ചസാരയും പഴവും ഇടുക. അതിനുശേഷം ഒരു ടീസ്പൂൺ യീസ്റ്റ് ചേർക്കുക. ഇനി തിളപ്പിച്ചാറിയ ഒരു ലിറ്റർ വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ഒരു കോട്ടൺ തുണി പാകത്തിന് മുറിച്ച് ഭരണിയുടെ മുകളിൽവച്ച് തുണിയുടെ മുകളിൽ ഭരണിയുടെ അടപ്പ് വച്ച് അടച്ചു വയ്ക്കുക.

ഒന്നിടവിട്ട ദിവസം വീതം ഭരണി തുറന്ന് അഞ്ച് മിനിറ്റ് നന്നായി ഇളക്കി വയ്ക്കണം. പത്ത് ദിവസം കഴി‍ഞ്ഞ് ഭരണി തുറന്ന് ആദ്യം ഒരു തവി ഉപയോഗിച്ച് കുറച്ച് പഴം വീതം വൈനിൽ നിന്ന് മാറ്റുക. അതിനുശേഷം അരിപ്പയുടെ മുകളിൽ ഒരു കോട്ടൺ തുണി വിരിച്ച് അതിലേക്ക് ബാക്കി യുള്ള വൈൻ കുറച്ച് വീതം ഒഴിച്ച് പഴം മുഴുവന്‍ അരിച്ചു മാറ്റുക. അതിനുശേഷം ഒരു കപ്പ് പഞ്ചസാര മാറ്റിവച്ചത് അടുപ്പിൽ വച്ച് ചൂടാക്കുന്നു. ഇതൊരു ഗോൾഡൻ ബ്രൗൺ നിറമാകണം. പ‍ഞ്ചസാര ഇളക്കരുത്. പഞ്ചസാര ചൂടാക്കാൻ വച്ച പാത്രം ഒന്നിളക്കി കൊടുത്താൽ മതി. പഞ്ചസാര അലിഞ്ഞുകഴിയുമ്പോൾ തടി തവി ഉപയോഗിച്ച് ഇളക്കി കൊടുക്കുക. പഞ്ചസാര ചൂടാക്കുന്നതിനൊപ്പം തന്നെ മറ്റൊരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞുകഴിയുമ്പോൾ ഇതിലേക്ക് തിളച്ചവെള്ളം ഒഴിച്ച് വീണ്ടും തിളപ്പിക്കുക. നന്നായി ഇളക്കിക്കൊടുക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്ത് തണുപ്പി ക്കുക. ഒന്നു ചെറുതായി കുറുകി വന്നാല്‍ മതി. നന്നായി തണുത്ത കാരമൽ സിറപ്പ് വൈനിലേക്ക് ചേർത്ത് നന്നായി ഇളക്കുക. വീണ്ടും ഇത് ഒന്നുകൂടി അരിച്ച് നല്ല വൃത്തിയു ള്ളതും ഒട്ടും വെള്ളമില്ലാത്തതുമായ ഒരു കുപ്പിയിലേക്ക് മാറ്റാം. വൈൻ റെഡി

ശ്രദ്ധിക്കാൻ

∙വൈനുണ്ടാക്കാൻ എടുക്കുന്ന പാത്രത്തിൽ ഒരു തുള്ളി പോലും വെള്ളം പറ്റരുത്.
∙വൈൻ സൂക്ഷിക്കുന്ന കുപ്പി നന്നായി മുറുക്കി അടയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.

English Summary: Christmas Series, Making of Wine from Banana from  Lekshmi Nair