അച്ചപ്പവും വട്ടയപ്പവും അവലോസുപൊടിയുമൊക്കെ പണ്ടത്തെ ക്രിസ്മസ് പലഹാരങ്ങളാണ്. നാടൻ രുചികളിലെ അവലോസ് പൊടി, തയാറാക്കുന്നത് അൽപം ശ്രമകരമാണെങ്കിലും കുറേക്കാലം ഉപയോഗിക്കാൻ പറ്റുന്ന പലഹാരമാണത്. അവലോസ് പൊടിയുടെ നാടൻ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • അരിപ്പൊടി – 1 കിലോ
  • തേങ്ങ ചിരകിയത് – 6 കപ്പ്
  • നല്ല ജീരകം – 2 ടീസ്പൂൺ
  • എള്ള് – 2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു കിലോ പച്ചരി പൊടിപ്പിച്ചാൽ (പുട്ടിന്റെ പൊടിയുടെത് പോലെ തരുതരുപ്പായി വേണം) 8 കപ്പ് പൊടി ഉണ്ടാവും. വറുക്കാത്ത അരിയാണ് വേണ്ടത്. ഈ പൊടി ഒരു മുറത്തില്‍ വാഴയില ഇട്ട് അതിലേക്ക് അളന്നിടുന്നു. ഇനി 6 കപ്പ് തേങ്ങ ചിരകിയത് (രണ്ട് വലിയ തേങ്ങ), നല്ല ജീരകം രണ്ട് ടീസ്പൂൺ ചിരകിയ തേങ്ങയിലേക്ക് ചേർത്ത് നന്നായി ഞെരടുക. ഇതിലേക്ക് ആവശ്യമായ ഉപ്പും ഈ സമയത്ത് മാവിൽ ചേർക്കാം. അതിനുശേഷം തേങ്ങ കുറേശ്ശെ വീതം മാവിലേക്ക് ഇട്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. കഴിവതും കട്ട ഇല്ലാതെ മിക്സ് ചെയ്ത് മാവ് നന്നായി തട്ടിപ്പൊത്തി ഇലകൊണ്ട് മൂടി വയ്ക്കുക. ഇതിങ്ങനെ ഒരു മണിക്കൂറെങ്കിലും വയ്ക്കുക. ഇല ഇല്ലെങ്കിൽ തട്ടമോ, ബേസിനോ ആണെങ്കിലും ഉപയോഗിക്കാം.

ഇനി ഒരു ഉരുളിയിലേക്ക് മാവിട്ട് പാകത്തിന് വറുത്തെടുക്കുക. കൈ എടുക്കാതെ എളക്കി കൊടുക്കണം. ഒരു മണിക്കൂർ സമയമെടുക്കം ഇത് പാകമാകാൻ. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യുക. ഒരു അഞ്ചു മിനിറ്റ് നേരം കൂടി ഉരുളിയിൽ വച്ച് ഇളക്കിക്കൊടുക്കുക. ഇപ്പോൾ ഇതിൽ ചെറിയ ചെറിയ കട്ടകളൊക്കെ കാണും. അതിഷ്ടമുള്ളവർക്ക് ഇത് നേരിട്ട് കഴിക്കാം. അല്ല എന്നുള്ളവർക്ക് അവലോസ് തണുത്തതിനുശേഷം ഒരു അരിപ്പയിൽ അരിച്ചശേഷം കട്ടകളൊക്കെ മിക്സിയിലിട്ട് അടിച്ചെടുക്കുക. അപ്പോൾ ഈ പൊടിക്ക് മൂപ്പ് കുറവായിരിക്കും. അത് ഒന്നു കൂടി ഉരുളിയിലിട്ട് മൂപ്പിച്ചെടുക്കാം. അതിനുശേഷം ആണ് ഇവിടെ നമ്മൾ എള്ള് ചേർക്കുന്നത്. അല്ലാ എന്നുള്ളവര്‍ക്ക് ആദ്യമേ തന്നെ എള്ള് ചേർക്കാം.

English Summary: Avalose Podi, Lekshmi Nair Cooking