പാസ്തയും പിസയും ഒന്നും ഇല്ലാത്ത കാലത്ത് അമ്മമാർ കുട്ടികൾക്കുവേണ്ടി വീട്ടിൽ തയാറാക്കിയിരുന്ന നല്ലൊരു നാടൻ വിഭവമാണ് ഗോതമ്പ് കുറുക്ക്. വീണാസ് കറിവേൾഡിൽ വീണാ ജാൻ രുചികരമായ ഈ വിഭവം പരിചയപ്പെടുത്തുന്നു, കുട്ടിക്കാലത്ത് നാലുമണി പലഹാരമായി ഇത് കഴിച്ചവർക്ക് ഓർമ്മയും പുതുക്കാം.

ചേരുവകൾ

  • ഗോതമ്പ് പൊടി – 2 ടേബിൾ സ്പൂൺ
  • പശുവിൻ പാൽ – അരഗ്ലാസ് (അലർജിയുള്ളവർക്ക് തേങ്ങാപ്പാൽ ചേർക്കാം)
  • വെള്ളം – ഒന്നര ഗ്ലാസ് വെള്ളം
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ
  • തേങ്ങാ – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്

തയാറാക്കുന്ന വിധം

ഒരു ചെറിയ കപ്പിൽ 2 ടേബിൾ സ്പൂൺ ഗോതമ്പ് പൊടി  ഇട്ട് അൽപം വെള്ളം ഒഴിച്ച് കട്ടകളില്ലാതെ യോജിപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കാം.

ഈ മിശ്രിതം പാകം ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിക്കാം. ഇതിലേക്ക് അരഗ്ലാസ് പശുവിൻ പാൽ  ഒഴിക്കാം. വീണ്ടും ഇതിലേക്ക് അരഗ്ലാസ് വെള്ളം കൂടി ഒഴിച്ചു കൊടുക്കാം. ഒരു നുള്ള് ഉപ്പും മധുരത്തിന് 2 ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കാം. ഇത് മീഡിയം തീയിൽ വച്ച് കുറുക്കിയെടുക്കുക. തുടർച്ചയായി ഇളക്കി കൊടുക്കണം (5 മുതൽ 10 മിനിറ്റുവരെ). കുറുകി തുടങ്ങുമ്പോൾ ഒരു ടേബിൾസ്പൂൺ തേങ്ങാ ചേർക്കാം. നന്നായി യോജിപ്പിച്ച് കുറുകി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം.

Note

പശുവിൻ പാലിനു പകരം തേങ്ങാപ്പാൽ ചേർക്കുമ്പോൾ ഗോതമ്പ് വെന്തശേഷം മാത്രം ചേർത്ത് ചൂടാക്കി എടുക്കാം. ആദ്യം ചേർത്താൽ പിരിഞ്ഞു പോകും.

English Summary: Wheat Porridge