വാഴയിലയിൽ വാട്ടിയ പൊറോട്ടയും ബീഫും; വായിൽ കപ്പലോടിക്കുന്ന രുചിയുമായാണ് ഫിറോസ് സ്‌പെഷൽ ബീഫും പൊറോട്ടയും. നാടൻ രുചിയിൽ കിഴിപൊറോട്ട തയാറാക്കുകയാണ് വില്ലേജ് ഫുഡ് ചാനലിലൂടെ ഫിറോസ് ചുട്ടിപ്പാറ. മലയാളികളുടെ പ്രിയ വിഭവത്തിന്റെ സ്പെഷൽ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം. കൊഴുപ്പു കുറഞ്ഞ ബീഫിൽ മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാല, ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഇതിലേക്ക് അൽപം വെള്ളം ചേർത്ത് നന്നായി വേവിച്ച് എടുക്കുക. മുക്കാൽ വേവ് ആയികഴിയുമ്പോൾ ഇത് തീയിൽ നിന്നും മാറ്റാം.

ഒരു ഉരുളിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളി ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർക്കുക. ഇത് നന്നായി മൂത്ത് വന്ന ശേഷം എരിവിനനുസരിച്ച് മുളകുപൊടി ചേർക്കാം. ഇതിലേക്ക് ആവശ്യത്തിന് ഗരം മസാലയും പെരുംജീരകം പൊടിച്ചതും ചേർക്കാം. അരിഞ്ഞുവച്ച തക്കാളിയും കറിവേപ്പിലയും ബിഫ് വേവിച്ച വെള്ളവും ചേർത്ത് രണ്ടു മിനിറ്റ് അടച്ചുവച്ച് വേവിക്കാം. ഇതിലേക്ക് വേവിച്ചു വച്ച ബീഫ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.  കറിവേപ്പിലയും പച്ചമുളകും ചേർത്ത് ചെറുതീയിൽ അഞ്ച് മിനിറ്റ്  വേവിച്ചാൽ കറി റെഡി. 

തീയിൽ വാട്ടി എടുത്ത വാഴയിലയിൽ രണ്ടു പൊറോട്ട വച്ച് അതിനു മുകളിൽ ബിഫ് ഒഴിച്ച് മല്ലിയില, തക്കാളി, കാരറ്റ്, നാരങ്ങാ മുറിച്ചത്, സവാള എന്നിവയും വച്ച് കിഴി കെട്ടി എടുക്കാം. ചൂടാക്കിയ ചീനചട്ടിയിലേക്ക് കുറച്ച് ഓയിൽ ഒഴിച്ച് ഇതിനു മുകളിലേക്ക് കിഴികൾ എടുത്ത് നിരത്തി ചൂടാക്കി എടുത്താൽ രുചികരമായ കിഴിപൊറോട്ട റെഡി.

English Summary: Kizhi Parotta, Beef with Parotta Specially Rosted In Banana Leaf