നാളികേരത്തിന്റെ നാടിനോട് ഇഷ്ടം കൂടാൻ അങ്ങ് തായ്​ലൻഡിൽ നിന്നും ഇവിടെ എത്തിയ ഒരു ഷെഫിനെ പരിചയപ്പെടാം. കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് തായ് രുചി പരിചയപ്പെടുത്തുകയാണ് തായ്ലൻഡുകാരിയായ ഷെഫ് വിമോൺ. 12 വർഷമായി പാചകരംഗത്തുള്ള ഷെഫ് വിമോൺ ഇപ്പോൾ ജോലിചെയ്യുന്നത് ഗ്രാൻഡ് ഹയാത്ത് കൊച്ചിയിലെ തായ് സോൾ റസ്റ്റോറന്റിലാണ്. 

ടെലിവിഷനിൽ ഒരു ഷെഫ് പാചകം ചെയ്യുന്നത് കണ്ടപ്പോഴാണ് തനിക്കും ഒരു ഷെഫ് ആകണമെന്ന ആഗ്രഹം ഉണ്ടായതെന്ന് ഷെഫ് വിമോണ്‍ പറയുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും ജോലി ചെയ്തിട്ടുള്ള ഷെഫ് വിമോണിന് കേരളത്തോടു ഒരു പ്രത്യേക ഇഷ്ടമുണ്ട്. തന്റെ നാട്ടിലേതു പോലെ ഇവിടെയും ധാരാളം നാളികേരം ഉള്ളതാണ് ആ ഇഷ്ടത്തിന്റെ കാരണം. തേങ്ങാപ്പാൽ ചേർത്തുണ്ടാക്കുന്ന തായ് സൂപ്പ് തൊംഖാ ഗായ് ആണ് ഷെഫ് വിമോണിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവം. 

ഷെഫ് വിമോണ്‍

കൊച്ചി ഗ്രാൻഡ് ഹയാത്തിൽ തായ് പച്ചക്കറികൾക്കായി ഒരു അടുക്കളത്തോട്ടവും ഒരുക്കിയിട്ടുണ്ട്. പാചകത്തിനായി ഫ്രഷ് ചേരുവകൾ ഇവിടെ നിന്നാണ് ശേഖരിക്കുന്നതെന്ന് ഷെഫ് വിമോൺ പറയുന്നു. 

പരമ്പരാഗത തായ് രുചിയിൽ വിഭവങ്ങൾ തയാറാക്കുമ്പോൾ പല വെല്ലുവിളികളും നേരിടേണ്ടി വരാറുണ്ടെന്ന് ഷെഫ് വെളിപ്പെടുത്തി. റസ്റ്റോറന്റിൽ എത്തുന്ന അതിഥികൾ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് കാണുന്നതിലാണ് തന്റെ സന്തോഷമെന്നും ഷെഫ് വിമോൺ കൂട്ടിച്ചേർത്തു. 

തൊംഖാ ഗായ് രുചികൂട്ട്

  • ചിക്കൻ സ്റ്റോക്ക് – 2 കപ്പ്
  • ചിക്കൻ ബ്രസ്റ്റ് – 200 ഗ്രാം
  • തായ് ജിഞ്ചർ – ഒരു കഷണം (വട്ടത്തിൽ അരിഞ്ഞത്)
  • നാരകത്തിന്റെ ഇല – 1 എണ്ണം
  • തേങ്ങാപ്പാൽ – 4 ടേബിൾ സ്പൂൺ
  • മഷ്റൂം - 50 ഗ്രാം
  • തായ് ചില്ലി - 2 എണ്ണം
  • തായ് ചില്ലി പേസ്റ്റ് – 1 ടീസ്പൂൺ
  • ഫിഷ് സോസ് – 2 ടീസ്പൂൺ
  • പനം ചക്കര – രുചിക്കനുസരിച്ച്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ചിക്കൻ സ്റ്റോക്ക് പാത്രത്തിലെടുക്കുക. അതിലേക്ക് തായ് ജിഞ്ചറും നാരകത്തിന്റെ ഇലയും ചേർക്കുക. നാരകത്തിന്റെ ഇല കൈ കൊണ്ട് കീറി ഇടുന്നതാണ് നല്ലത്. ഇത് തിളച്ചു വരുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ചേർക്കുക. അതിനൊപ്പം ചിക്കൻ ഒഴിച്ചുള്ള ബാക്കി ചേരുവകൾ ചേർക്കുക. ഒരു തിള വന്നതിനുശേഷം ചിക്കൻ ചേർക്കാം. ചിക്കൻ വെന്തതിനു ശേഷം ചൂടോടെ വിളമ്പാം.

English Summary: Wimon Pahuja, Grand Hyatt Kochi Bolgatty