ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണിത്. പെട്ടെന്ന് തയാറാക്കാവുന്ന ഒരു വെജിറ്റബിൾ ക്ലിയർ സൂപ്പിന്റെ പാചകരീതി പരിചയപ്പെടുത്തുകയാണ് വിഡിയോ വ്ളോഗർ വീണാ ജാൻ.

ചേരുവകൾ 

  • കൂൺ – 2 ടേബിൾ സ്പൂൺ
  • കാരറ്റ് – 1
  • ബീൻസ് –4
  • കാബേജ് – 1/2 കപ്പ് (ഇഷ്ടമുള്ളതും വീട്ടിൽ ലഭ്യമായതുമായ ഏത് പച്ചക്കറി ഉപയോഗിച്ചും ഈ സൂപ്പ് തയാറാക്കാം)

തയാറാക്കുന്ന വിധം

സൂപ്പ് തയാറാക്കാനുള്ള പാത്രത്തിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു വെളുത്തുള്ളി അരിഞ്ഞതും സ്പ്രിങ് ഒനിയന്റെ വെള്ളഭാഗം അല്ലെങ്കിൽ ഒരു സ്പൂൺ സവാള ചെറുതായി അരിഞ്ഞതും ചേർക്കാം. ചെറുതായി മുറിച്ചെടുത്ത മഷ്റൂം ഇതിലേക്ക് ചേർത്ത് വഴറ്റുക. ചെറുതായി വാടിയ ശേഷം ബാക്കി പച്ചക്കറികൾ എല്ലാം ചേർത്ത് വഴറ്റി എടുക്കുക. നാലു ഗ്ലാസ് വെള്ളം, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് തിളപ്പിച്ച് എടുക്കുക. രണ്ടു ടേബിൾ സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലർത്തിയത് ഇതിലേക്ക് ചേർക്കാം. തീ ഓഫ് ചെയ്ത ശേഷം ആവശ്യമെങ്കിൽ നാരങ്ങാനീര് ചേർത്ത് വാങ്ങാം.

Note : ഓയിൽ ഉപയോഗിക്കാൻ താത്പര്യം ഇല്ലാത്തവർക്ക് പച്ചക്കറികൾ എല്ലാം ചേർത്ത് നേരിട്ട് തിളപ്പിച്ച് സൂപ്പ് തയാറാക്കാം.

English Summary: Quick and Easy Healthy Vegetable Soup