കേരളത്തിൽ അടുക്കളക്കുളങ്ങൾക്ക് പ്രചാരമേറിവരുന്നുണ്ട്. വീട്ടിലേക്കാവശ്യമായ മത്സ്യങ്ങൾ ആവശ്യ സമയത്ത് ജീവനോടെ പിടിക്കുക എന്നതാണ് അടുക്കളക്കുളങ്ങളുടെ ലക്ഷ്യം. കോവിഡ്–19നെ പ്രതിരോധിക്കാൻ വീട്ടിലിരിക്കുമ്പോൾ അടുക്കളക്കുളത്തിലെ മീൻ ഉപയോഗിച്ച് ചില പാചക പരീക്ഷണങ്ങൾ നടത്തിയാലോ... വളർത്തുമത്സ്യങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ള ഇനമാണ് തിലാപ്പിയ. അതുകൊണ്ടുതന്നെ തിലാപ്പിയ പൊള്ളിച്ചത് പരീക്ഷിക്കാം.

ചേരുവകൾ

  • തിലാപ്പിയ മത്സ്യം – 5 എണ്ണം
  • മഞ്ഞൾപ്പൊടി – ഒരു ടീ‌സ്പൂൺ
  • മുളകുപൊടി – 3 ടേബിൾ സ്‌പൂൺ
  • മല്ലിപ്പൊടി – 2 ടീസ്‌പൂൺ
  • കുരുമുളകുപൊടി – 2 ടീസ്‌പൂൺ
  • നാരങ്ങാ നീര് ​– ഒരു മുറി നാരങ്ങയുടേത്
  • വിനാഗിരി – രണ്ടു ടീസ്‌പൂൺ
  • കടുക് – ഒരു ടീസ്‌പൂൺ
  • കറിവേപ്പില – ആവശ്യത്തിന്
  • സവാള – 3 എണ്ണം (നീളത്തിൽ അരിഞ്ഞത്)
  • പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത്
  • തക്കാളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
  • ഉപ്പ്– ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • വെളിച്ചെണ്ണ – മീൻ വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തിലാപ്പിയ മത്സ്യം മുഴുവനോടെയും മുറിച്ചും പൊള്ളിക്കാം. അര ടീസ്‌പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി, രണ്ടു ടീസ്‌പൂൺ കുരുമുളകുപൊടി, നാരങ്ങാനീര്, വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ മീനിൽ നന്നായി പുരട്ടിപ്പിടിപ്പിക്കുക. അര മണിക്കൂർ വച്ചശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. ഒരുപാട് ഉണങ്ങേണ്ട ആവശ്യമില്ല.

ചീനച്ചട്ടിയിലോ നോൺ സ്റ്റിക് പാനിലോ വെളിച്ചണ്ണയിൽ കടുക് പൊട്ടിച്ചശേഷം അരിഞ്ഞുവച്ച സവാളയും കറിവേപ്പിലയും ഇട്ട് വഴറ്റുക. അൽപം ഉപ്പും ചേർത്തു കൊടുക്കാം. അൽപം വാടിക്കഴിയുമ്പോൾ പച്ചമുളകും ചേർത്തുകൊടുക്കാം. പച്ചമുളകിന്റെ പച്ചമണം മാറുമ്പോഴേക്ക് സവാള ആവശ്യത്തിന് വാടിയിട്ടുണ്ടാകും. ഒരുപാട് ചുമന്നുവരേണ്ട ആവശ്യമില്ല. ഇതിലേക്ക് അര ടീസ്‌പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്‌പൂൺ മുളകുപൊടി, രണ്ടു ടീസ്‌പൂൺ മല്ലിപ്പൊടി (ഗരം മസാല വേണമെങ്കിൽ ചേർക്കാം) എന്നിവ ചേർത്ത് നന്നായി ഇളക്കുക. പൊടികളുടെ പച്ചമണം മാറുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളികൂടി ചേർത്ത് വഴറ്റിയെടുക്കാം. ഇത് വേകാൻ ആവശ്യമായ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് വേവിക്കാം. മീൻ പൊതിയാനുള്ള ഗ്രേവി റെഡി. (മത്സ്യത്തിന്റെ എണ്ണം അനുസരിച്ച് ഗ്രേവിക്ക് ആവശ്യമായ ചേരുവകകളുടെ അളവും വർധിപ്പിക്കണം. ഇവിടെ 5 കഷണം തിലാപ്പിയയ്ക്കുള്ള ഗ്രേവിയാണ് തയാറാക്കിയിരിക്കുന്നത്.)

കനം കുറഞ്ഞ വാഴയില(ഞാലിപ്പൂവൻ ആയാൽ നന്ന്)യിൽ ഗ്രേവി നിരത്തി വറത്തുവച്ച ഓരോ കഷ്ണവും പൊതിഞ്ഞെടുത്തശേഷം നോൺ സ്റ്റിക് പാനിൽ എണ്ണ ഒഴിക്കാതെ പൊള്ളിച്ചെടുത്താൽ സ്വാദിഷ്ടമായ തിലാപ്പിയ പൊള്ളിച്ചത് റെഡി. 

English Summary: Tilapia Fish Pollichathu