പ്രഭാത ഭക്ഷണത്തിന് ആലൂ പറാത്ത തയാറാക്കിയാലോ? അൽപം തൈരും അച്ചാറും ഉണ്ടെങ്കിൽ ഇതിന് പ്രത്യേകിച്ച് കറിയൊന്നും വേണ്ട. രുചികൂട്ട് തയാറാക്കിയത് വീണാ ജാൻ.

ചേരുവകൾ

  • ആട്ട – 1 1/4 കപ്പ്
  • എണ്ണ (സൺഫ്ലവർ ഓയിൽ) – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • ഉരുളക്കിഴങ്ങ് – 2 എണ്ണം (വലുത്)
  • പച്ചമുളക് – 4
  • മല്ലിയില – ഒരു പിടി
  • ഇഞ്ചി – 1 ടീസ്പൂൺ
  • സവാള – 1 ചെറുത്
  • ജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1/4 ടീസ്പൂൺ
  • ഗരം മസാല – 2 നുള്ള്
  • മുളകുപൊടി – 1/4 ടീസ്പൂൺ
  • ഡ്രൈ മാംഗോ പൗഡർ – ഒരു നുള്ള്
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പ്രഷർകുക്കറിൽ നന്നായി വേവിച്ച് എടുക്കാം. ഇത് തണുത്ത ശേഷം കട്ടകളില്ലാതെ ഉടച്ച് എടുക്കണം.

ഒരു ബൗളിൽ മസാലയ്ക്കുള്ള പൊടികൾ എല്ലാം ചേർത്ത് യോജിപ്പിച്ച് വയ്ക്കുക.

ഫ്രൈ പാൻ ചൂടാക്കി സൺഫ്ലവർ ഓയിൽ ഒഴിച്ച്  അതിൽ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. നന്നായി വഴന്ന ശേഷം മസാല പൊടികൾ ചേർക്കാം. ഇതിലേക്ക് ഉരുളക്കിഴങ്ങ് ഉടച്ചതും ഉപ്പും ചേർക്കാം. വെള്ളം മുഴുവൻ വലിഞ്ഞ് പോകുന്നതു വരെ വേവിക്കുക. ആവശ്യമെങ്കിൽ ഇതിലേക്ക് കൊത്തി അരിഞ്ഞ മല്ലിയിലയും ചേർക്കാം. തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കാം. വെള്ളമയമില്ലാതെ ഫില്ലിങ് തയാറാക്കി എടുത്താൽ ആലു പറാത്ത പൊട്ടി പോകാതെ കിട്ടും.

ചപ്പാത്തി പരുവത്തിലുള്ള മാവ് തയാറാക്കി അതിൽ നിന്നും വലിയ ഉരുളകൾ ഉണ്ടാക്കി എടുക്കുക. ഇത് ഓരോന്നും ആട്ടയിൽ മുക്കി ചെറിയതായി പരത്തി എടുക്കുക. ഇത് കൈയിൽ എടുത്ത് ഇതിനുള്ളിൽ ഒരു ടേബിൾ സ്പൂൺ   മസാല വയ്ക്കാം ഇത് ഉള്ളിൽ വരുന്ന രീതിയിൽ ഉരുട്ടി എടുക്കണം. ചപ്പാത്തി മാവ് എല്ലാം ഇങ്ങനെ തയാറാക്കി എടുക്കാം. ഈ ഉരുളകൾ പൊടി തൂവി പലകയിൽ വച്ച് പരത്തി എടുക്കാം. ചൂടായ തവയിൽ രണ്ട് വശവും വേവിച്ച് എടുക്കാം. അൽപം സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ നെയ് രണ്ട് വശത്തും തടവി വേവിച്ച് എടുക്കാം. രുചികരമായ ആലൂ പറാത്ത തയാർ.

Note 

  •  ടിഫിൻ ബോക്സിൽ വയ്ക്കുമ്പോൾ ചൂട് കുറഞ്ഞ ശേഷം വയ്ക്കുക. ചൂടോടെ വച്ചാൽ ആവിച്ച് ഇരിക്കും. ആലൂ പറാത്ത ചെറു ചൂടോടെ കഴിക്കുകയാണ് രുചികരം.
  •  മസാല തലേ ദിവസം തയാറാക്കി ഫ്രിജിൽ സൂക്ഷിച്ചാൽ രാവിലെ പെട്ടെന്ന് തയാറാക്കാം.

English Summary: Perfect Aloo Paratha, Veena's Curryworld